കാസർകോട്: ജില്ല കലക്‌ടർ എൽഡിഎഫ് സ്ഥാനാർഥിയെ സഹായിക്കുന്നു എന്ന ആരോപണവുമായി കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. അനാവാശ്യമായാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വോട്ടിങ് ശതമാനം കുറയ്‌ക്കാനാണ് കലക്‌ടറുടെ നീക്കമെന്നും 144 പിൻവലിക്കാൻ പരാതി നൽകിയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കാസർകോട് ജില്ലയിൽ മൂന്ന് ദിവസത്തെ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. ജില്ലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കി പൊതുതെഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്‌പക്ഷവുമായി നടത്തുന്നതിനാണ് 144 പ്രഖ്യാപിച്ചതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്‌ടര്‍ കെ. ഇമ്പശേഖര്‍ വ്യക്തമാക്കിയിരുന്നു.
1973 ലെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രില്‍ 27 വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. പൊതുയോഗങ്ങള്‍ക്കും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനും ജില്ലയിലുടനീളം നിരോധനം ഏര്‍പ്പെടുത്തി. പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്.
സ്ഥാനാര്‍ഥികളുടെ വീടുകള്‍ കയറിയുള്ള നിശബ്‌ദ പ്രചരണത്തിന് തടസമില്ല. അവശ്യ സര്‍വ്വീസുകളായ മെഡിക്കല്‍ എമര്‍ജന്‍സി, ക്രമസമാധാന പലനം, അഗ്‌നിരക്ഷ സേന, സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ തടസമില്ലാതെ നടത്താം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ അറിയിച്ചിരുന്നു.
Also Read:വോട്ടര്‍മാര്‍ക്ക് സൗജന്യ വാഹനം ; രാജ്മോഹൻ ഉണ്ണിത്താന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ്