കോഴിക്കോട്: വോട്ടർമാരോട് നന്ദി പറയാൻ വയനാട് ലോക്‌സഭ മണ്ഡലത്തിലെത്തി രാഹുൽ ഗാന്ധി. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് രാഹുൽ ആദ്യം എത്തിയത്. റോഡ് ഷോ നടത്തിയ രാഹുൽ വോട്ടർമാരെ അഭിവാദ്യം ചെയ്‌തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ തുടങ്ങിയ കോൺഗ്രസ് നേതാക്കള്‍ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

റോഡ് ഷോയിൽ കോൺഗ്രസ് ലീഗ് പതാകകൾ ഉയർത്തിയാണ് പ്രവർത്തകർ അണിനിരന്നത്. ഉച്ചക്ക് ശേഷം കൽപ്പറ്റയിലായിരിക്കും രാഹുൽ വോട്ടർമാരെ കാണുക. മണ്ഡലമൊഴിയുന്നതടക്കമുള്ള കാര്യത്തിൽ രാഹുൽ നയം വ്യക്തമാക്കുമോ എന്നതിലാണ് എല്ലാവരുടെയും ആകാംഷ. സിറ്റിങ് സീറ്റായ വയനാട് ഒഴിവാക്കി റായ്ബറേലി നിലനിർത്താനാണ് നിലവിലെ ധാരണ.
ALSO READ: 'വലിഞ്ഞുകേറി വന്നതല്ല' ; സിപിഎം മുന്നണി മര്യാദ കാണിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ
ഉത്തർപ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥ മാറിയതിനാൽ, അത് മുതലെടുക്കാൻ രാഹുലിൻ്റെ സാന്നിധ്യം യുപിൽ വേണമെന്നാണ് പാർട്ടി പക്ഷം. രാഷ്ട്രീയ ശരി റായ്ബറേലിയെന്നാണ് ഇന്ത്യ മുന്നണിയുടെയും വിലയിരുത്തൽ. എന്നാൽ, വോട്ടർമാരെ കാണാൻ വരുമ്പോൾ, രാഹുൽ എന്ത് പറയുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏത് ലോകസഭ മണ്ഡലത്തിൽ തുടരാനാണ് താല്‌പര്യമെന്ന് ശനിയാഴ്‌ചയ്ക്കകം രാഹുൽ ഗാന്ധി ലോക്‌സഭ സ്‌പീക്കർക്ക് കത്തു നൽകും.