കോഴിക്കോട് : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഇൻസ്‌പെക്‌ടർക്കും എസ്ഐക്കും സസ്‌പെൻഷൻ. വളാഞ്ചേരി ഇൻസ്‌പെക്‌ടർ സുനിൽദാസിനും എസ്ഐ ബിന്ദുലാലിനുമാണ് സസ്‌പെൻഷന്‍. ഉത്തര മേഖല ഐജി കെ സേതുരാമനാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്‌തത്.
മലപ്പുറം എസ്‌പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എസ്ഐ ബിന്ദുലാൽ ഇന്നലെ അറസ്‌റ്റിലായിരുന്നു. ഇൻസ്‌പെക്‌ടർ സുനിൽദാസ് ഒളിവിലാണ്. ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ്ഐയും ഇന്‍സ്‌പെക്‌ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇടനിലക്കാരൻ നാല് ലക്ഷം രൂപയാണ് ക്വാറി ഉടമയിൽ നിന്നും തട്ടിയത്. തുടര്‍ന്ന് എസ്ഐ ബിന്ദുലാലിനെയും ഇടനിലക്കാരന്‍ അസൈനാരെയും ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ ഇയാളിൽ നിന്ന് പണം തട്ടിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 384, 120 ബി, 34, കെ പി എ 115 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.