പത്തനംതിട്ട: പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
റിപ്പോർട്ട് ഡിഐജിക്കും തുടർന്ന് സർക്കാരിനും കൈമാറിയിരുന്നു. സർവീസ് ചട്ടം ലംഘിച്ചു എന്ന് കാണിച്ചാണ് സസ്‌പെൻഷൻ. എംഎല്‍എ പിവി അൻവർ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്‌പി സുജിത് ദാസിനെതിരെ കടുത്ത നടപടി എടുത്തിരിക്കുന്നത്.
സംഭവം പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാർശ നല്‍കിയിരുന്നു. പി വി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്‌പി സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറിയിരുന്നു.
പരാതി പിൻവലിക്കാൻ എംഎല്‍എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്‌പിക്കെതരെ റിപ്പോർട്ട് വന്നിരുന്നു. പരാതി പിൻവലിക്കാൻ പിവി അൻവറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റത്.