തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്‍റെ പൊതു മണ്ഡലത്തില്‍ രാഷട്രീയ ബോംബ് വര്‍ഷിച്ച് പ്രകമ്പനം സൃഷ്‌ടിച്ച ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍ മെരുങ്ങുന്നു. തന്‍റെ ഉത്തരവാദിത്വം അവസാനിക്കുകയാണെന്ന് ഇന്ന് (സെപ്റ്റംബർ 3) മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പിവി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
എഴുതിക്കൊടുക്കേണ്ടവ എഴുതിക്കൊടുത്തു. മുഖ്യമന്ത്രി എല്ലാം ശ്രദ്ധയോടെ കേട്ടു. ഇതേ പരാതി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും നല്‍കും. ഇന്ന് അദ്ദേഹം തിരവനന്തപുരത്തില്ല. തിരുവനന്തപുരത്തെത്തിയ ശേഷം പരാതി നല്‍കും. അതോടെ തന്‍റെ ഉത്തരവാദിത്വം തീരും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെ മാറ്റുക എന്നത് തന്‍റെ ഉത്തരവാദിത്വമല്ല. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കും. ആരെ മാറ്റണം മാറ്റണ്ട എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അജിത് കുമാറിനെ മാറ്റും എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. തന്‍റെ ആരോപണങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.
പൊലീസിലെ ഒരു വിഭാഗത്തിന്‍റെ പെരുമാറ്റം താഴെ തട്ടില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പൊലീസ് പൊതുവേ സ്വീകരിക്കേണ്ട പ്രവര്‍ത്തന ശൈലിയിലല്ല പല പൊലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയും അഴിമതിക്കാരെക്കുറിച്ചും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
ഇതൊരു കമ്മ്യൂണിസ്‌റ്റ് ഗവണ്‍മെന്‍റാണ്. കമ്മ്യൂണിസ്‌റ്റ് ഗവണ്‍മെന്‍റിനറിയാം ജനവികാരം. താനൊരു സഖാവാണ്. ഒരു സഖാവിന്‍റെ ഉത്തരവാദിത്വമാണ് താന്‍ നിറവേറ്റിയതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പിന്നില്‍ ആരുമില്ലെന്നും തന്‍റെ പിന്നിലുള്ളത് സര്‍വ ശക്തനായ ദൈവം മാത്രമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Also Read:എഡിജിപിക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം; ഉത്തരവിറക്കി സര്‍ക്കാര്‍