കോട്ടയം: പരിസ്ഥിതി ദിനത്തിൽ പ്രഹസനമായി മാറുന്ന വ്യക്ഷത്തൈ നടീലിനെതിരെ ഒറ്റയാൾ പ്രതിഷേധം. ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കുമരകം ജ്യോതിഷ് കൃഷ്‌ണയാണ് കോട്ടയം കളക്‌ട്രേറ്റ് പടിക്കലില്‍ ഒറ്റയാൾ പ്രതിഷേധം നടത്തിയത്. തലയിലേന്തിയ ഗ്രോ ബാഗിൽ വൃക്ഷത്തൈ നട്ടായിരുന്നു ജ്യോതിഷ് കൃഷ്‌ണയുടെ പ്രതിഷേധം.
പരിസ്ഥിതി ദിനങ്ങളിൽ വൃക്ഷത്തൈ വച്ചു കോടികൾ പാഴാക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് അദ്ദേഹം പ്രതിഷേധിച്ചത്. പരിസ്ഥിതി ദിനത്തിൽ വെച്ചുപിടിപ്പിക്കുന്ന വൃക്ഷ തൈകൾ പിന്നെ നട്ടവരാരും തിരിഞ്ഞു നോക്കില്ല.
അവ സംരക്ഷിക്കപ്പെടുന്നില്ല. കോടികൾ നഷ്‌ട്ടപ്പെടുത്തുന്ന ഈ ചെടി നടീൽ പ്രഹസനം അവസാനിപ്പിക്കണമെന്ന് ജ്യോതിഷ് കൃഷ്‌ണ ആവശ്യപ്പെട്ടു. സർക്കാർ ഓഫീസുകളിൽ പോലും പരിസ്ഥിതി ദിനത്തിൽ വയ്ക്കുന്ന വൃക്ഷ തൈകൾ പിന്നീട് പരിപാലിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി കോൺഗ്രസ് രക്ഷാധികാരി വികെ അനിൽകുമാറാണ് സമരം ഉദ്ഘാടനം ചെയ്‌തത്. നടുന്ന വൃക്ഷ തൈകൾ സംരക്ഷിക്കാനുള്ള നിയമവും കൊണ്ടുവരണം. വനവത്ക്കരണം വേഗത്തിലാക്കണമെന്നും വനങ്ങളിൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ജ്യോതിഷ് കൃഷ്‌ണ ആവശ്യപ്പെട്ടു.
ALSO READ: രാഹുല്‍ വയനാട് ഒഴിഞ്ഞേക്കും, പകരം പ്രിയങ്കയ്ക്കായി മുറവിളി ; മുരളീധരനെ പരിഗണിക്കണമെന്നും ആവശ്യം