എറണാകുളം: ഫോർസ കൊച്ചി ഫുട്ബോൾ ടീമിന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൃഥ്വിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടും, സിനിമ മേഖലയിലെ വമ്പന്മാർക്കെതിരെയുള്ള നിരവധി ആരോപണങ്ങളും ചർച്ചാവിഷയമായതിനു ശേഷം നടൻ പൃഥ്വിരാജ് ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു. സ്വാഭാവികമായും പ്രസ്‌തുത വിഷയത്തെ കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ ആരാഞ്ഞു.
അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടിലുള്ള ഉത്തരങ്ങൾ നൽകുകയും ചെയ്‌തു. അതിനിടയിൽ ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് സിദ്ദിഖ് അടക്കമുള്ളവർ മൊഴിമാറ്റി എന്നൊരു വാർത്തയെക്കുറിച്ചുള്ള പൃഥ്വിരാജിന്‍റെ പ്രതികരണം മാധ്യമപ്രവർത്തകരുടെ ഉത്തരംമുട്ടിച്ചു. സഹപ്രവർത്തകയായ ഒരു നടിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ പൊലീസിന് നൽകിയ മൊഴി നടൻ സിദ്ദിഖ് അടക്കമുള്ളവർ മാറ്റി പറഞ്ഞതിനെ കുറിച്ചുള്ള അഭിപ്രായമെന്തെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
അതിന് എനിക്ക് കൃത്യമായ അഭിപ്രായം പറയാൻ സാധിക്കില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു തുടങ്ങി. പൊലീസിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും മാറ്റിപ്പറഞ്ഞു എന്ന് മാധ്യമങ്ങൾ പറഞ്ഞുള്ള അറിവാണ് എനിക്കുള്ളത്. നിങ്ങളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഞാൻ മറുപടി പറയുന്നത് ശരിയാണോ എന്ന് നിങ്ങൾ ചിന്തിക്കണം.
അല്ല എന്നാണ് തന്‍റെ അഭിപ്രായം. നിങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊഴിമാറ്റി എന്നുള്ള വസ്‌തുത എവിടെയാണ് പ്രസ് റിലീസ് ആയി ലഭിച്ചിട്ടുള്ളത്. നിങ്ങൾ പറഞ്ഞു എന്നതാകും ശരി. മാധ്യമങ്ങൾ പറയുന്നതൊക്കെ ശരിയാണോ? അപ്പോൾ അക്കാര്യത്തിൽ എങ്ങനെ മറുപടി പറയാൻ ആകുമെന്നും നടൻ പൃഥ്വിരാജ് ചോദിച്ചു.