എറണാകുളം: തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലു എന്ന ചിത്രത്തിലെ തെലങ്കാന ബൊമലൂ എന്ന ഗാനത്തിലൂടെ കെ ജി മാർക്കോസിനെ വീണ്ടും മലയാളികൾ നെഞ്ചിലേറ്റുകയാണ്. ഒരു ഇടവേളക്കുശേഷം ഇത്തരമൊരു സ്വീകാര്യത ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് കെ ജി മാർക്കോസ് പ്രതികരിച്ചു.
സിനിമയിൽ മാത്രമായിരുന്നു ഇടവേള, കഴിഞ്ഞ ദിവസം വരെയും ഭക്തിഗാനശാഖയുടെ ഒഴിവാക്കാനാകാത്ത ഘടകം തന്നെയായിരുന്നു താൻ. ഗാനലോകത്ത് ജീവിക്കുന്നുണ്ട് പക്ഷേ സിനിമയിൽ എന്തു സംഭവിച്ചു എന്ന് ചോദിച്ചാൽ ഉത്തരമില്ല. 80 കളിലാണ് മലയാള സിനിമയിലേക്കുള്ള തന്‍റെ കടന്ന് വരവ്. ചെറുപ്പകാലം തൊട്ട് തന്നെ സിനിമയോട് അഗാധമായ അഭിനിവേശം ഉണ്ടായിരുന്നു. 80 കളിൽ താൻ മലയാള സിനിമ ലോകത്തേക്ക് കടന്നുവരുമ്പോൾ ദാസേട്ടന്‍റെ സുവർണ്ണ കാലം തന്നെയാണ്.
ദാസേട്ടനൊപ്പം ഒരു ഗായകനായി പിടിച്ചുനിൽക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമായിരുന്നു. മലയാള സംഗീത ശാഖയിൽ തന്നെ ദാസേട്ടൻ പുതിയ പരീക്ഷണങ്ങൾ നടത്തി പകരം വയ്ക്കാൻ ഇല്ലാത്ത വ്യക്തിത്വമായി നിലനിൽക്കുമ്പോൾ താനും ഗായകൻ ഉണ്ണിമേനോനും ഒക്കെ കടന്നുവന്നു. നിലനിൽപ്പ് അവതാളത്തിലാണെന്ന് സ്വയം തോന്നിത്തുടങ്ങി. മലയാള സംഗീതശാഖയിൽ പിടിച്ചുനിൽക്കുന്നതിനോടൊപ്പം തന്നെ സമാന്തര സംഗീത ലോകത്തേക്കും ചുവടുറപ്പിച്ചു.
തങ്ങളെ ബൂസ്റ്റ് ചെയ്യാൻ ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഒന്നും ഇല്ലല്ലോ. കാസറ്റ് സംഗീതം ഭക്തിഗാനം ഗാനമേള മേഖലകളിൽ സജീവ സാന്നിധ്യമാകാൻ ശ്രമിച്ചു. പിടിച്ചുനിൽക്കണമല്ലോ. ഒരു ഡോക്‌ടറുടെ മകനായി ജനിച്ചുവെങ്കിലും തന്‍റെ പാഷന് പിന്നാലെ പോകാൻ വീട്ടിൽ നിന്ന് ഒരിക്കലും സാമ്പത്തിക സഹായം താനാവശ്യപ്പെട്ടില്ല. തനിക്ക് വേണ്ടത് താൻ തന്നെ ഉണ്ടാക്കണമെന്ന കാഴ്‌ചപ്പാടായിരുന്നു. മലയാളം സിനിമയിൽ എക്കാലവും ഓർമിക്കപ്പെടുന്ന ചില പാട്ടുകളുടെ ഭാഗമായി. എങ്കിലും കൃത്യമായ ഇടവേളകളിൽ സിനിമ തന്നെ കൈവിട്ടു എന്ന് വേണം പറയാൻ.
പുതിയകാലമായതോടെ തന്‍റെ കാലം സിനിമയിൽ അവസാനിച്ചു എന്ന് പോലും തോന്നി. കാരണം പുതിയ തലമുറയ്ക്ക് ഞങ്ങളെപ്പോലുള്ള പാട്ടുകാരെ ആവശ്യമില്ലല്ലോ എന്ന അനാവശ്യ തോന്നൽ. പുതിയ തലമുറയുടെ സംഗീതത്തിന് മാത്രമല്ല പ്രേക്ഷകർക്കും തങ്ങളെ പോലുള്ളവരെ മതിയായി എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. പക്ഷേ പ്രേമലു എന്ന സിനിമയിലെ താൻ ആലപിച്ച ഗാനം പുറത്തിറങ്ങിയപ്പോഴാണ് ജനങ്ങൾക്ക് ഞങ്ങളെപ്പോലുള്ളവരെ വേണ്ട എന്ന തോന്നൽ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടത്.
അവരുടെ സ്നേഹവും ബഹുമാനവും ഒക്കെ ഞാൻ നേരിൽ കണ്ടറിഞ്ഞു. വളരെ യാദൃശ്ചികമായാണ് പ്രേമലുവിലെ ഗാനമാലപിക്കാൻ താനെത്തുന്നത്. സ്റ്റീഫൻ ദേവസിയുടെ സ്റ്റുഡിയോ മാനേജരായ കെ ഡി വിൻസന്‍റ് വഴി തനിക്ക് അന്വേഷണമെത്തുന്നു. മലയാളത്തിലെ മികച്ച പ്രൊഡക്ഷൻ കമ്പനിയായ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് തന്‍റെ മക്കളാണ് അറിവ് പകരുന്നത്. വർത്തമാന കേരളത്തിലെ ഏറ്റവും മികച്ച സിനിമകൾ നിർമ്മിക്കുന്ന പ്രൊഡക്ഷൻ ഹൗസ്.
ദാസേട്ടന്‍റെയും ചിത്രയുടെയും മാനേജരായ കെ ഡി വിൻസന്‍റിനെ തനിക്ക് 80 കളുടെ തുടക്കം മുതൽ പരിചയമുണ്ട്. അദ്ദേഹം വിളിച്ച് ഇങ്ങനെ ഒരു ഗാനം ഉണ്ടെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ അമ്പരന്നു. ട്രാക്ക് കേട്ടപ്പോൾ ഒരു തട്ട് പൊളിപ്പൻ പാട്ട്. ഇത്തരത്തിലുള്ള ഗാനങ്ങൾ താൻ മുൻപും പാടിയിട്ടുണ്ടെങ്കിലും എന്നെ തന്നെയാണോ നിങ്ങൾ ഗായകനായി ഉദ്ദേശിച്ചത് എന്ന ചോദ്യം അണിയറ പ്രവർത്തകരോട് ഉന്നയിച്ചു.
അതെ കെ ജി മാർക്കോസ് എന്ന ഗായകനെ തന്നെയാണ് ഈ പാട്ടുപാടാൻ ഞങ്ങൾക്ക് ആവശ്യമെന്ന മറുപടിയും ലഭിച്ചു. അങ്ങനെയാണ് തെലങ്കാന ബൊമ്മലുവിന്‍റെ ജനനം. കന്നിപ്പൂമാനം കണ്ണും നട്ട് നോക്കിയിരിക്കെ എന്ന തന്‍റെ ഗാനം അദ്ദേഹം ആലപിച്ചു കൊണ്ടാണ് തെലങ്കാന ബൊമ്മലുവിനെ കുറിച്ചുള്ള പ്രതികരണം അദ്ദേഹം അവസാനിപ്പിച്ചത്.