തൃശൂര്‍: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖർജിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇടതു സ്വതന്ത്രനും മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്ന സെബാസ്റ്റ്യൻ പോൾ. ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് 25 കോടി രൂപ പ്രണബ് മുഖര്‍ജി വാഗ്‌ദാനം ചെയ്‌തെന്നാണ് സെബാസ്റ്റ്യൻ പോളിന്‍റെ ആരോപണം.
വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് 25 കോടി രൂപ വാഗ്‌ദാനം ചെയ്തെന്നും ഒന്നാം യുപിഎ സർക്കാരിന്‍റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്‌ദാനം ചെയ്‌തതെന്നും സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു.
കോഴ വാഗ്‌ദനാത്തിന് പിന്നില്‍ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാൻ ഒന്നാം യുപിഎ സര്‍ക്കാരിന് ആവശ്യമായ എംപിമാര്‍ ഇല്ലായിരുന്നു. അതിന് കുറേ എംപിമാരെ ചാക്കിട്ടുപിടിക്കേണ്ടി വന്നു.
പ്രണബ് മുഖര്‍ജിയായിരുന്നു ആ ഓപറേഷന്‍റെ തലവന്‍. ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജിയുടെ ഓഫീസിൽ നിന്ന് രണ്ടുപേർ തന്നെ വന്നു കണ്ടു. പിറ്റേദിവസം പാർലമെൻറിൽ വച്ച് കണ്ടപ്പോൾ രണ്ടുപേർ വന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി വയലാർ ചോദിച്ചു എന്നും ഒരു മലയാളം വാരികയില്‍ തനിക്കുണ്ടായ അനുഭവം സെബാസ്റ്റ്യൻ പോൾ എഴുതി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓപറേഷനില്‍ വയലാര്‍ രവിയും അഹ്‌മദ് പട്ടേലുമെല്ലാം ഉണ്ടായിരുന്നു. അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിട്ടതായിരുന്നു ഇടതുപക്ഷം പിന്തുണ പിന്‍വലിക്കാന്‍ കാരണമെന്നും വിശ്വാസവോട്ട് തേടണമെന്ന് അന്ന് രാഷ്ട്രപതി നിര്‍ദേശിച്ചുവെന്നും ഇതിനായി 25 കോടി വാഗ്‌ദാനം ചെയ്‌തെന്നും സെബാസ്റ്റ്യൻ പോള്‍ വെളിപ്പെടുത്തി. ഒരു സ്വതന്ത്ര എംപി എന്ന നിലയിൽ പാർട്ടി വിപ്പ് അല്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പുറത്താക്കൽ തനിക്ക് ബാധകമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഓഫർ.
എൽഡിഎഫ് സ്വതന്ത്ര എംപിയായ തന്നെ ഒപ്പം നിർത്തി പിന്തുണ പിൻവലിച്ച ഇടതുപക്ഷത്തിനെ ഞെട്ടിക്കാനായിരുന്നു ശ്രമം. അബദ്ധം പറ്റിയതാണെന്ന് പിന്നീട് വയലാർ രവി സമ്മതിച്ചിട്ടുണ്ട്. സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേറെയും എംപിമാർക്ക് കോടികൾ വാഗ്‌ദാനം ചെയ്‌തിരുന്നു. ചിലരോട് വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസരം ഒരിക്കലേ വരൂ. പ്രണബിന്‍റെ ചൂണ്ടയില്‍ കൊത്തുകയോ വലയില്‍ വീഴുകയോ ചെയ്‌തവര്‍ക്ക് ഒന്നും സംഭവിച്ചില്ല. കൂറു മാറുന്നതിനു മാത്രമല്ല, വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനും പ്രതിഫലമുണ്ടായിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള ജെഡിയു എംപി കൊച്ചിയില്‍ എത്തിയപ്പോള്‍ രോഗബാധിതനായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിപി കോയയെ പോലെ പത്ത് പേരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്നും ലേഖനത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതി.