പത്തനംതിട്ട : ഭക്ഷണ ബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെണ്ടികളെന്ന് വിളിച്ച പൊലീസ് ഓഫിസർക്കെതിരെ നടപടി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഭക്ഷണ ബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്‌റ്റിട്ട സിവില്‍ പൊലീസ് ഓഫിസര്‍ക്കാണ് സസ്‌പെന്‍ഷന്‍. അടൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്മെന്‍റ് യൂണിറ്റില്‍ ജോലി ചെയ്യുന്ന സുനില്‍കുമാറിനെയാണ് ജില്ല പൊലീസ് മേധാവി വി. അജിത്ത് സസ്‌പെൻഡ് ചെയ്‌തത്.
ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തണ്ണിത്തോട് പൊലീസ് ഇന്‍സ്‌പെക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സര്‍വൈലന്‍സ് ടീമില്‍ അംഗമായിരുന്നു സുനില്‍കുമാര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും നോഡല്‍ ഓഫിസര്‍മാരുമുള്ള എംഐസിസി സ്‌ക്വാഡ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സുനിൽ കുമാർ പോസ്‌റ്റിട്ടത്.

'ഇത് കേരള സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് എടുത്തുകൊടുക്കേണ്ടതല്ല. കേന്ദ്രം ഇലക്ഷന്‍ കമ്മീഷന്‍ വക അയച്ചുകൊടുത്തിരിക്കുന്ന എമൗണ്ട് ആണ്. ഇത് ഏത് തെണ്ടിക്കാണ് തടഞ്ഞുവയ്ക്കാന്‍ അധികാരം. ഇത് തടഞ്ഞുവച്ചിരിക്കുന്ന കലക്‌ടറേറ്റിലെ തെണ്ടികളെ ആണ് വെളിച്ചത്ത് കൊണ്ടുവരേണ്ടത്. ഇതിന് അന്വേഷണ കമ്മിഷനെ കൊണ്ടു വരിക തന്നെ വേണം' - എന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം.
Also Read : കള്ളവോട്ടിന് കൂട്ടുനിന്നെന്ന പരാതി; ബിഎൽഒയ്ക്ക് സസ്‌പെൻഷൻ - BLO Suspended In Kasaragod
ഉപവരണാധികാരിയെ ഉൾപ്പടെ അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട പോസ്‌റ്റുകളെ തുടർന്നാണ് നടപടി. സമൂഹ മാധ്യമങ്ങളില്‍ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തില്‍ ഇട്ട പോസ്‌റ്റ് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ നൽകിയത്.