ഇടുക്കി: അയ്യപ്പൻകോവിൽ മേഖല കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരയിൽ ഇതുവരെയും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. ടൗണുകളിൽ മിഴിയടച്ച സ്ട്രീറ്റ് ലൈറ്റ് അടക്കം പ്രവർത്തനക്ഷമമാക്കാൻ സാധിക്കാത്ത പഞ്ചായത്തിനെതിരെയും പ്രതിഷേധം ശക്തമാക്കാൻ ആണ് വ്യാപാരികളുടെ തീരുമാനം.
ഏതാനും മാസങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ലബ്ബക്കട, മാട്ടുക്കട്ട,മേരികുളം എന്നിവിടങ്ങളിൽ മോഷണ പരമ്പരയാണ് നടന്നിരിക്കുന്നത്. ഇതിൽ ലക്ഷങ്ങളുടെ നഷ്‌ടമാണ് ഓരോ വ്യാപാരികൾക്കും ഉണ്ടായിരിക്കുന്നതും. വ്യാപാരികളുടെ പരാതി പ്രകാരം ലബ്ബക്കട അടക്കമുള്ള മേഖലയിൽ പോലീസും ഫിംഗർപ്രിൻ്റും ഡോഗ് സക്വാഡും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ പ്രതിയെ പിടി കൂടാൻ കഴിഞ്ഞിട്ടില്ല. മേരികുളത്ത് അടുത്ത നാളുകളിലായി ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. മോഷണങ്ങൾ തുടർക്കഥയായിട്ടും മോഷ്‌ടാവിനെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല, ഒപ്പം പഞ്ചായത്തും ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ല എന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാപാരികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
മോഷണവും മോഷണ ശ്രമങ്ങളും തുടർക്കഥയായതോടെ വ്യാപാരികളും മേഖലയിലെ ആളുകളും ആശങ്കയിലുമാണ്. പോലീസ് പെട്രോളിങ് അടക്കം നടക്കുമെങ്കിലും ഇവയെ മറികടന്നാണ് മോഷണങ്ങൾ വ്യാപകമാകുന്നത്. മുഖംമൂടി അണിഞ്ഞെത്തുന്ന മോഷ്‌ടാവിനെ അടിയന്തരമായി പിടികൂടാൻ പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യമാണ് വ്യാപാരികൾ മുന്നോട്ടുവയ്ക്കുന്നത്.