ആലപ്പുഴ: ഇരുന്നൂറോളം കേസുകളിൽ പ്രതിയായ അന്തർ ജില്ലാ മോഷ്‌ടാവ് പക്കി സുബൈറിനെ തന്ത്രപരമായി കുടുക്കി പൊലീസ്. ശുരനാട് തെക്കേമുറിയിൽ കുഴിവിള വടക്കതിൽ പക്കി സുബൈർ എന്ന് വിളിക്കുന്ന സുബൈർ (49) നെ ആണ് മാവേലിക്കര പൊലീസ് ഓടിച്ചിട്ട് പിടികുടിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അതിസാഹസികമായി പ്രതിയെ പൊലീസ് വലയിലാക്കിയത്.
ജയിലിൽ നിന്ന് ഇറങ്ങി കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്‌താംകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ കടകളുടെ പൂട്ട് കുത്തി തുറന്ന് ഇരുന്നൂറോളം മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്.
കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന മോഷണങ്ങളെ തുടർന്ന് ഡിവൈഎസ്‌പി കെ എൻ രാജേഷിന്‍റെ മേൽനോട്ടത്തിലും മാവേലിക്കര എസ്‌എച്ച്ഒ ഈ നൗഷാദിന്‍റെ നേതൃത്വത്തിലും പല സംഘംങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിൽ ആയത്. കഴിഞ്ഞ തവണയും മാവേലിക്കര പൊലീസ് തന്നെ ആണ് ഈ പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ രണ്ട് മാസമായി പല സംഘങ്ങളായി തിരിഞ്ഞ പൊലീസ് സ്ഥിരമായി പക്കി സുബൈർ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കടകളിലും നിരീക്ഷിച്ച് വരുകയായിരുന്നു. ട്രെയിൻ മാർഗമാണ് ഇയാൾ മോഷണത്തിന് പോകുന്നത് എന്ന് മനസിലാക്കിയ പൊലീസ് വിവിധ റെയിൽവേ സ്റ്റേഷനുകളും, ട്രെയിനുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരവെയാണ് പക്കി സുബൈറിനെ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് അതി സഹസികമായി പിടികൂടിയത്. അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തിയിരുന്ന പ്രതി അതീവ വൈദഗ്ദ്യം ഉപയോഗിച്ചാണ് കടകളുടെ പൂട്ടുകൾ തകർത്തിരുന്നത്.
Also Read: ഇലക്ട്രിക്കൽ കടകളിൽ മോഷണം; അന്തർ സംസ്ഥാന മോഷ്‌ടാവ് പിടിയിൽ