പത്തനംതിട്ട: വിവാദ ദല്ലാള്‍ ടിജെ നന്ദകുമാര്‍ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫസർ. പിജെ കുര്യന്‍ രംഗത്ത്. 'ടിജെ നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നു. അനില്‍ ആന്‍റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നന്ദകുമാര്‍ വന്നത്. എന്നാല്‍ എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിനാണ് പണം നല്‍കിയതെന്നോ തനിക്ക് അറിയില്ല' എന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'സിബിഐ സ്‌റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് കാശ് വാങ്ങിയോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. നന്ദകുമാര്‍ ഒരിക്കല്‍ എന്നെ സമീപിച്ച് അനില്‍ ആന്‍റണി കുറച്ച് പൈസ കൊടുക്കാനുണ്ട് എന്ന് പറഞ്ഞു. അതിനാല്‍ പൈസ തരാന്‍ ഞാന്‍ പറയണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു'. പിജെ കുര്യന്‍ പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറിയും ദേശീയ വക്താവുമായ അനില്‍ ആന്‍റണി ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ മടങ്ങി വരുമെന്നും അന്ന് അനില്‍ ആന്‍റണിയെ തിരിച്ചെടുക്കണമെന്നും പിജെ കുര്യന്‍ പറഞ്ഞു.
"അങ്ങിനെ എന്തെങ്കിലും പൈസ കൊടുക്കാനുണ്ടെങ്കില്‍ അതു തിരികെ കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് അനില്‍ ആന്‍റണിയോടാണോ എകെ ആന്‍റണിയോടാണോ പറഞ്ഞതെന്ന് ഓര്‍മ്മയില്ല. എന്തായാലും ഈ രണ്ടുപേരില്‍ ഒരാളോടാണ് ആ കാര്യം പറഞ്ഞതെന്ന്. " പിജെ കുര്യന്‍ പത്തനംത്തിട്ടയില്‍ പറഞ്ഞു.
ഹൈക്കോടതിയിലെ സിബിഐ സ്‌റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് സ്വാധീനിക്കാന്‍ അനില്‍ ആന്‍റണിക്ക് 25 ലക്ഷം രൂപ നല്‍കിയതായി കഴിഞ്ഞദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. നിയമനം ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാന്‍ അനില്‍ തയ്യാറായില്ലെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു.
പിജെ കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിടി തോമസ് ഇടപെട്ടിട്ടാണ് ഗഡുക്കളായി പണം ലഭിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍, പരാതികൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ പിന്തിരിപ്പിച്ചത് പിജെ കുര്യനാണെന്നും ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.