തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം വനിതാ ഡോക്‌ടറില്‍ നിന്നും കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സബ്‌മിഷനായി ഉന്നയിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പിഎസ്‌സി അംഗങ്ങളുടെ നിയമനമെന്നും തെറ്റായ രീതിയോ ദുസ്വാധീനങ്ങളോ ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്ന് രാവിലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഷയം സഭയില്‍ ഉന്നയിക്കാന്‍ നല്‍കിയ പരാതിയാണ് ഇതെന്ന് വ്യക്തമാണ്. ഏത് പരാതിയും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍. വഴിവിട്ട നീക്കങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തില്‍ നടക്കാറുണ്ട്. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തട്ടിപ്പുകള്‍കാര്‍ക്കെതിരെ സ്വീകരിക്കും.
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ കരിവാരി തേക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സബ്‌മിഷന്‍ ഘട്ടത്തിലേക്ക് കടന്ന സഭാ നടപടികള്‍ക്കിടെ പ്രതിപക്ഷ നേതാവ് വാക്ക് ഔട്ട് പ്രസംഗത്തിനായി എഴുന്നേറ്റു. ഇതോടെ ഭരണകക്ഷി എംഎല്‍എമാര്‍ കൂട്ടത്തോടെ ഇതിനെ എതിര്‍ത്തും പ്രതിപക്ഷ എംഎല്‍എമാര്‍ അനുകൂലിച്ചും വാദമുയര്‍ത്തിയതോടെ സഭയില്‍ ബഹളം രൂക്ഷമായി.
ഇതിനിടെ വി എസ് വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ സബ്‌മിഷനില്‍ വാക്ക് ഔട്ട് നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സ്‌പീക്കറെ അറിയിക്കുകയും സ്‌പീക്കര്‍ പ്രതിപക്ഷ നേതാവിന് വാക്ക് ഔട്ട് പ്രസംഗത്തിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയെ കൊണ്ട് പരാതി നല്‍കിയത് ഞാന്‍ അറിഞ്ഞിട്ടില്ലെന്നും ഇന്ന് പരാതി നല്‍കിയെങ്കില്‍ ഇന്നലെ പൊലീസ് എന്ത് കൊണ്ട് കോഴിക്കോടുള്ള ഡോക്‌ടര്‍ ദമ്പതികളുടെ മൊഴിയെടുത്തുവെന്നും വി ഡി സതീശന്‍ ചോദിച്ചു.
പാര്‍ട്ടി സെക്രട്ടറിയായ എം വി ഗോവിന്ദന്‍ വിഷയം പരിശോധിക്കുമെന്ന് പറഞ്ഞു. വാങ്ങിച്ച പണം തിരികെ നല്‍കി വിഷയം അവസാനിപ്പിക്കാന്‍ നിങ്ങള്‍ നോക്കുന്നു. ഗുരുതരമായ കുറ്റമാണ് നടന്നത്. പിഎസ്‌സിയെ കരിവാരി തേക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ്, കാശ് വാങ്ങിയ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നുവെന്നും വിമര്‍ശിച്ചു.
വാക്ക് ഔട്ടിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പാര്‍ട്ടി അന്വേഷണം വേണ്ടെന്നും വന്‍ അഴിമതിയാണ് ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ സിപിഎമ്മും ഘടകകക്ഷി പാര്‍ട്ടികളും നടത്തുന്നതെന്നും ആരോപണം ഉയര്‍ത്തി.