തിരുവനന്തപുരം: കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിൽ മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ജോയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്‍റെ ഭാഗമായി വർക്കലയിൽ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.
പൗരത്വ നിയമ വിഷയം ഞങ്ങൾ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് എന്നാണ് ചിലർ പറയുന്നത്. നാലുവർഷം മുമ്പ് തെരഞ്ഞെടുപ്പ് ആയിരുന്നില്ല. അന്നും ഞങ്ങൾ ഇതിനെതിരെ ശബ്‌ദിച്ചവരാണ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു. കോൺഗ്രസിന് അപ്പോഴും പ്രതികരണമില്ല. ഇത് പരിഹാസ്യമാണ്. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുൽ ഗാന്ധിയും ഇതിൽ പ്രതികരിച്ചില്ല.
ഇതേക്കുറിച്ച് പറഞ്ഞപ്പോൾ പ്രകടന പത്രികയുടെ എട്ടാം പേജ് നോക്കാനായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിൽ ഇല്ല. രാജ്യം ഈ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. എല്ലാ മൂല്യങ്ങളും അപകടപ്പെടുന്ന സാഹചര്യം. അവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിക്കുന്നു.
മതനിരപേക്ഷതയാണ് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെട്ടിരിക്കുന്നത്. മതനിരപേക്ഷത തകർക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾ നമ്മുടെ രാജ്യത്തുണ്ട്. ഭരണഘടനയെ തന്നെ തകർക്കുക എന്നതാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എത്രമാത്രം വസ്‌തുത വിരുദ്ധമായ കാര്യമാണ് പറയുന്നത്. എങ്ങനെയാണ് സംഘപരിവാർ മനസ് ഇവർക്ക് വരുന്നത്.
രാജ്യത്തിന്‍റെ സുരക്ഷയ്ക്കും കേരളത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരു പൊതു നിലപാട് എടുക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്. കേരള വിരുദ്ധ വികാരമാണ് ബിജെപിയെയും കോൺഗ്രസിനെയും നയിക്കുന്നത്. അവർ ഇവിടെ വിജയിക്കരുത് എന്ന പൊതു വികാരമാണ് കേരളത്തിൽ ഉയർന്നുവരുന്നത്. വലിയതോതിനുള്ള എൽഡിഎഫ് അനുകൂല വികാരം കേരളത്തിൽ ഉയർന്നു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.