ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു സീറ്റിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സംഘ പരിവാറിനെ കാലുകുത്താൻ അനുവദിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിച്ചത് സ്വന്തം വോട്ട് നേടിയാണെന്ന് ബിജെപിക്ക് ഉറപ്പില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഇടത് പക്ഷം.
പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിൻ്റേത് കുറ്റകരമായ മൗനമാണ്. സംഘപരിവാർ അജണ്ടയോട് കോൺഗ്രസ് സമരസപ്പെടുന്നു. പാനൂരിൽ നടന്നത് തീർത്തും നിയമ വിരുദ്ധമായ പ്രവർത്തനമാണ്. പൊലീസ് ഗൗരവമായി അന്വേഷണം നടത്തും. ഇപ്പോൾ ഉണ്ടായ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതാണെന്നും പിണറായി വിജയന്‍ ആലപ്പുഴയിൽ പറഞ്ഞു.
കോണ്‍ഗ്രസിന് 2011 ൽ ഉണ്ടായിരുന്ന വോട്ട് ശതമാനം 17.38 ആയിരുന്നു. 2016 ൽ ഇത് 9.7 ശതമാനമായി കുറഞ്ഞു. അങ്ങനെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. സ്വന്തം വോട്ട് ദാനം ചെയ്‌ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കോണ്‍ഗ്രസ് അവസരം നൽകിയെന്നും പിണറായി വിജയന്‍ ആരോപിച്ചു.
"വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. ബിജെപിയെ തോൽപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബിജെപി മുക്തമായ പൊതു വേദി വന്നപ്പോൾ അതിൽ സജീവമായി ഞങ്ങളുണ്ട്. കേരളത്തിൽ 20 ൽ ഒന്നിൽ പോലും ബിജെപി ജയിക്കില്ല. ഒന്നിൽ പോലും രണ്ടാം സ്ഥാനം പോലും ഉണ്ടാകില്ല. കേരളത്തിൻ്റെ മണ്ണിൽ സംഘ പരിവാറിനെ വേരുറപ്പിക്കാൻ അനുവദിക്കില്ല. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് സിപിഎം പ്രകടന പത്രികയുടെ ലക്ഷ്യം. കോൺഗ്രസ് മാനിഫെസ്‌റ്റോ തീവ്ര ഹിന്ദുത്വ നിലപാടിനെ ഗൗരവത്തോടെ കാണുന്നില്ല." മുഖ്യമന്ത്രി പറഞ്ഞു.
ധ്രുവീകരണത്തിന് തന്ത്രപരമായ നീക്കം: പൗരത്വ ഭേദഗതി നിയമം വിഷയത്തിൽ കോൺഗ്രസ് കുറ്റകരമായ മൗനമാണ് അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരക്ഷരം എതിരായി പറഞ്ഞിട്ടില്ല. പറയാതിരിക്കുന്നത് ആലോചിച്ചെടുത്ത തീരുമാനമാണ്. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ എന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ആശങ്കയുള്ള ഒരു വിഷയത്തിൻ മുഖ്യ പ്രതിപക്ഷ പാർട്ടിക്ക് ഒന്നും പറയാനില്ല. ചർച്ച വിഷയങളിൽ പൗരത്വ നിയമ ഭേദഗതി ഉണ്ടാകരുത് എന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. സംഘ പരിവാർ അജണ്ടയോടൊപ്പം കോൺഗ്രസ് ചേർന്ന് നിൽക്കുന്നു. പൗരത്വം മതാടിസ്ഥാനത്തിൽ എന്നത് ഏതെങ്കിലും പരിഷ്‌കൃത രാജ്യത്തുണ്ടോ? പൗരത്വ ഭേദഗതി നിയമത്തിൽ തുറന്ന് അഭിപ്രായം പറയില്ല എന്ന നിലപാട് കോൺഗ്രസ് എന്തു കൊണ്ട് സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കാശ്‌മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. കോൺഗ്രസ് ഒരു പ്രതിഷേധവും പാർലമെൻ്റിലും പുറത്തും ഉയർത്തിയില്ല. ഭരണത്തിലെത്തിയാൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്ന് പറയാൻ കോൺഗ്രസിനാകുന്നില്ല. ബാബറി മസ്‌ജിദ് വിഷയത്തിലും കോൺഗ്രസ് നിലപാട് സംഘ പരിവാറിന് ഒത്താശ ചെയ്യുന്നതായിരുന്നെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
അയോധ്യയിൽ പ്രണപ്രതിഷ്‌ഠ നടന്നപ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താൻ കോൺഗ്രസ് സർക്കാർ ഉത്തരവിട്ടു. കോഴിക്കോട് മുസ്രലിം ലീഗ് പലസ്‌തീൻ അനുകൂല റാലി നടത്തിയപ്പോൾ കോൺഗ്രസ് നേതാവ് ഇസ്രയേലിനെ പിന്തുണച്ചു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിർക്കുന്നതിനൊപ്പം കോൺഗ്രസിൻ്റെ കാപട്യങ്ങൾ തുറന്നു കാണിക്കും. അതിൽ വല്ലാതെ പൊള്ളേണ്ടതില്ല. ആ ഉത്തരവാദിത്തം നിർവഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാനൂരിലെ ബോംബ് സ്‌ഫോടനം: പാനൂരിലെ ബോംബ് നിര്‍മാണത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടോ എന്നറിയില്ല. സിപിഎം സംഭവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ ആർക്കെതിരെ കലാപം നടത്താനാണ്? അവിടെ എല്‍ഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണെന്നും പിണറായി വ്യക്‌തമാക്കി.
വിദേശ വാഴ്‌സിറ്റികൾ കേരളത്തില്‍ തുടങ്ങണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം ആലോചിച്ചേ തീരുമാനം എടുക്കൂ. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തില്‍ സ്വകാര്യ കമ്പനി ലാഭം ഉണ്ടാക്കുന്നില്ല. കെഎംഎംഎല്ലിനെയാണ് ഖനനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ് - CPM Bank Accounts Freeze