ഹൈദരാബാദ്: ഫോൺ ചോർത്തൽ കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലിരിക്കെ അനധികൃത പണമിടപാട് നടത്താൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചാണ് പുതിയ തെളിവുകൾ ലഭിച്ചത്. കേസിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ഡിഎസ്‌പിക്കും പങ്കുണ്ടെന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ മറ്റ് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൂടി ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.
ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘം പണം വിതരണം ചെയ്യുന്നത് നിരീക്ഷിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ അന്വേഷണം ഐപിഎസുകാരനില്‍ ഒതുക്കുകയായിരുന്നു. മറ്റ് ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് പോയാൽ കൂടുതൽ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടു വരാനാകുമെന്നാണ് സൂചന.
ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നിർദേശപ്രകാരമാണ് ഡിഎസ്‌പിക്കൊപ്പം വാഹനത്തിന് അകമ്പടി പോയതെന്നായിരുന്നു പണം വിതരണം ചെയ്യുന്ന വാഹനത്തിന് അകമ്പടി സേവിച്ച കോൺസ്‌റ്റബിളിൻ്റെ മൊഴി. മറ്റ് രണ്ട് കോൺസ്‌റ്റബിൾമാരും തങ്ങളുടെ മൊഴികളിൽ ഇക്കാര്യം സ്ഥിരീകരിച്ചു. 2022 ഒക്‌ടോബർ 26 മുതൽ നവംബർ 2 വരെ രാത്രി പതിവായി ഇതേ വാഹനത്തിൽ പണം കൊണ്ടുപോയിരുന്നു.
ഒക്‌ടോബർ 31ന് അന്നത്തെ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖർ റാവു പങ്കെടുത്ത ഒരു മീറ്റിങ്ങിൽ വെച്ച് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള അഡീഷണൽ എസ്‌പിയുടെ നിർദേശ പ്രകാരമാണ് പണം കൊണ്ടുപോകുന്നതെന്ന് ഡിഎസ്‌പി വെളിപ്പെടുത്തിയതായും, ആളെ കാണിച്ചു തന്നതായും കോൺസ്‌റ്റബിൾ പറഞ്ഞു. പിന്നീടാണ് ആ ഉദ്യോഗസ്ഥൻ നൈനി ഭുജംഗറാവു ആണെന്ന് തനിക്ക് മനസിലായതെന്നും കോൺസ്‌റ്റബിൾ പറഞ്ഞു.
തിങ്കളാഴ്‌ച നമ്പള്ളി കോടതിയിൽ എസ്ഐടി കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ ആറുപേരെ പ്രതികളാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ ചോദ്യം ചെയ്‌ത ശേഷം കൂടുതൽ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.