എറണാകുളം: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി. തർക്കമുന്നയിക്കപ്പെട്ട 348 വോട്ടുകളിൽ 32 എണ്ണം സാധുവായി പരിഗണിച്ചാൽ പോലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം 6 വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സാധുവായ 32 വോട്ടുകൾ എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയഫലത്തിൽ മാറ്റമുണ്ടാകില്ലെന്നും ജസ്‌റ്റിസ് സി എസ് സുധ വ്യക്തമാക്കി.
എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 348 സ്പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌തായിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്‌തഫ ഹൈക്കോടതിയെ സമീപിച്ചത്.
തപാൽ വോട്ടുകൾ അസാധുവാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗനിർദേശങ്ങൾക്ക് എതിരാണെന്നും അതിനാൽ നജീബ് കാന്തപുരത്തിൻ്റെ വിജയം റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു നജീബ് കാന്തപുരത്തിന്‍റെ വാദം.
എന്നാൽ എണ്ണാതെ മാറ്റിവെച്ച വോട്ടുകൾ അസാധുവാണെന്ന് സിപിഎമ്മിൻ്റെ ബൂത്ത് ഏജൻ്റുമാർ ഉൾപ്പെടെ അംഗീകരിച്ചതാണെന്ന് നജീബ് വാദിച്ചു. പിന്നാലെ കേസിലെ പ്രധാന തെളിവായ സ്പെഷ്യൽ തപാൽ വോട്ടുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന പെട്ടികളിൽ ഒരെണ്ണം കാണാൻ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ ബാലറ്റ്‌പെട്ടി തുറന്ന നിലയിൽ മലപ്പുറം സഹകരണ ജോ. റജിസ്ട്രാറുടെ ഓഫീസിൽ നിന്നും കണ്ടെത്തി. ശേഷം കോടതിയിൽ എത്തിച്ച് നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.
ബാലറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും ഇല്ലാത്ത ബാലറ്റുകളാണ് മാറ്റിവെച്ചതെന്ന് ഭരണാധികാരിയും അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെപിഎം മുസ്‌തഫയുടെ ഹർജി ഹൈക്കോടതി തള്ളിയത്.
Also Read: റിപ്പോർട്ട് ഹാജരാക്കണം; സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി