കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് രാഹുലിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. സിസിടിവിയുടെ ഡിവിആര്‍ പൊലീസ് കൊണ്ടുപോയി. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പ്രതി രാഹുൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായാണ് സംശയം. കർണാടകയിൽ നിന്നാണ് രാഹുലിന്‍റെ ഫോൺ സ്വിച്ച്ഡ് ഓഫായത്. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുമ്പോഴും വൈകാതെ പിടിയിലാകും എന്നാണ് പ്രതീക്ഷ.
ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ലെന്ന് പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ ലുക്കൗട്ട് നോട്ടിസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മെയ് മാസം അഞ്ചിനാണ് രാഹുലിന്‍റെയും എറണാകുളം സ്വദേശിനിയായ യുവതിയുടെയും വിവാഹം നടന്നത്. മാട്രിമോണിയല്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
എന്നാൽ പ്രതി രാഹുൽ മുൻപ് രണ്ട് വിവാഹം ഉറപ്പിക്കുകയും അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്‌തിട്ടുണ്ടെന്നാണ് യുവതിയുടെ പിതാവ് ഹരിദാസൻ ആരോപിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്നാണ് മകന് നേരത്തെ നിശ്ചയിച്ച വിവാഹം മുടങ്ങിയതെന്നാണ് രാഹുലിന്‍റെ അമ്മ ഉഷയുടെ വാദം.