2019 തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രഭാവത്തില്‍ സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയ മണ്ഡലമാണ് പാലക്കാട്. 1996 മുതല്‍ ഇടതിനെ മാത്രം പിന്തുണച്ച പാലക്കാട്ട് 2019-ല്‍ കോണ്‍ഗ്രസിന്‍റെ വി കെ ശ്രീകണ്‌ഠന്‍ സിപിഎമ്മിന്‍റെ എംബി രാജേഷിനെതിരെ അട്ടിമറി വിജയമാണ് കരസ്ഥമാക്കിയത്.
മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെയാണ് സിപിഎം കളത്തിലിറക്കിയത്. എ വിജയ രാഘവനെ മത്സര രംഗത്തിറക്കുമ്പോള്‍ 89 ലെ അട്ടിമറി വിജയമാണ് സിപിഎം പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തം. 1980 ലാണ് സിപിഎമ്മിന്‍റെ ടി ശിവദാസ മേനോനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവന്‍ ആധിപത്യം സ്ഥാപിച്ചത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പിലും വി എസ് വിജയരാഘവന്‍ തന്നെ വിജയിച്ചു കയറി.
1989- ല്‍ അഭിമാനം തിരിച്ചുപിടിക്കാന്‍ സിപിഎം കളത്തിലിറക്കിയത് അന്നത്തെ എസ്‌എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന എ വിജയരാഘവനെ. പ്രതീക്ഷ തെറ്റിക്കാതെ എ വിജയരാഘവന്‍ കോണ്‍ഗ്രസിന്‍റെ വി എസ് വിജയരാഘവനെ അട്ടിമറിച്ചു. 2024-ല്‍ സമാനമായ പ്രതിസന്ധി ഘട്ടത്തില്‍ എ വിജയരാഘവന്‍ വീണ്ടുമെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല.
അതേസമയം, 2019ലെ വിജയം നല്‍കിയ ആത്മ വിശ്വാസവുമായി വി കെ ശ്രീകണ്‌ഠനും കടുത്ത മത്സരമാണ് കാഴ്‌ചവെച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയ ബിജെപിയും പരമാവധി ആത്മവിശ്വാസത്തിലാണ്. പാലക്കാട്, മലമ്പുഴ, മണ്ണാർക്കാട്, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പാലക്കാട് ലോക്‌സഭ മണ്ഡലം.
73.37 ശതമാനം പോളിങ്ങാണ് ഇത്തവണ പാലക്കാട് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 2019-ൽ 77.62 ശതമാനം പോളിങ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരുന്നു.
5,31,340 സ്ത്രീകള്‍, 4,94,480 പുരുഷന്മാര്, എട്ട് ട്രാൻസ് വ്യക്തികള്‍ ഉൾപ്പെടെ 10,25,828 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിങ്ങ് ശതമാനം | |
2024 | 73.37 |
2019 | 77.62 |
2014 | 75.31 |
- 2019 തെരഞ്ഞെടുപ്പ് ഫലം :
- വി കെ ശ്രീകണ്ഠന്‍(യുഡിഎഫ്) - 3,99,274
- എംബി രാജേഷ്(സിപിഎം) - 3,87,637
- സി കൃഷ്‌ണകുമാര്‍(ബിജെപി) - 2,18,556