തിരുവനന്തപുരം: മോദി അധികാരത്തില്‍ വന്നാല്‍ ഇത്തവണത്തേത് അവസാന ജനാധിപത്യ തെരഞ്ഞെടുപ്പാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മോദി അധികാരത്തില്‍ വരുന്നതിനെ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ യുഡിഎഫ് 20 സീറ്റും നേടുമെന്ന് ചിദംബരം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കി. ബിജെപി രാഷ്ട്രീയ പാര്‍ട്ടി അല്ലാതായി മാറിയെന്നും, മോദിയെ ആരാധിക്കുന്നവരുടെ പാര്‍ട്ടിയായി മാത്രം മാറിയെന്നും ചിദംബരം വിമര്‍ശിച്ചു.
സിപിഎം ഇന്ത്യയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കരുതാന്‍ കഴിയില്ല. സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ യാതൊരു റോളുമില്ല. ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ല, ദേശീയ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം കേരളത്തില്‍ നടക്കുന്നത് യുഡിഎഫ് - എല്‍ഡിഎഫ് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതില്‍ യുഡിഎഫ് ജയിക്കും. ബിജെപിയെ ജനം തള്ളും.
തൊഴിലില്ലായ്‌മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എംബിഎക്കാര്‍ വരെ പൊലീസ് കോണ്‍സ്‌റ്റബിള്‍ ജോലിക്ക് ശ്രമിക്കുന്നു. രാജ്യത്തെ സ്ഥാപനങ്ങള്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. സിഎജിയെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
10 വര്‍ഷത്തിനിടെ 32 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പലരും അറസ്‌റ്റിലായി. ഒരു കാര്‍ട്ടൂണിസ്‌റ്റിന് സ്വതന്ത്രമായി കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പോലും കഴിയുന്നില്ലെന്നും രാജ്യത്ത് നിന്ന് ആവിഷ്‌കാര സ്വാതന്ത്ര്യം ഒലിച്ചുപോയെന്നും പി ചിദംബരം വിമര്‍ശിച്ചു.