കോട്ടയം: മായമില്ലാത്ത പച്ചമുളക് കൃഷിയുമായി തിരുവാർപ്പ് പഞ്ചായത്ത്. രണ്ടേക്കർ ഭൂമിയിൽ നടത്തിയ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്തിൻ്റെ 'മുളക് ഗ്രാമം' പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പച്ചമുളക് കൃഷി ചെയ്‌തിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിയോഗ്യമാക്കിയ ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കിയത്.
മുളക് കൃഷിക്കായി പഞ്ചായത്തിലെ 2, 10, 12,13,15 വാർഡുകളിലായി അഞ്ച് ഗ്രൂപ്പുകൾ രൂപീകരിച്ചു. എന്‍ആർഇജി തൊഴിലാളി ഗ്രൂപ്പുകൾ ഓരോ മുളക് പാടത്തിൻ്റെയും പരിപാലനം നടത്തി ജൈവ വളങ്ങൾ ഇട്ടാണ് മുളക് ഉത്പാദിപ്പിച്ചത്. ഗുണമേന്മയുള്ള മുളക് തൈയും വളവും പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകി. ആഗസ്‌റ്റിൽ നട്ട തൈകളിൽ മുളക് കായ്ച്ച് ഇപ്പോൾ വിളവെടുപ്പിന് പാകമായി. പതിമൂന്നാം വാർഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ മേനോൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് കൃഷി നടത്തിയിരിക്കുന്നത്. തിരുവാർപ്പ് ചില്ലീസ് എന്ന പേരിൽ മായമില്ലാത്ത കീടനാശിനിരഹിത മുളകുപൊടി ഉത്പാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മുളക് നേരിട്ട് പ്രാദേശിക വിപണിയിൽ വിൽപന നടത്തുകയാണ് നിലവിൽ. മറ്റ് സംരംഭങ്ങളുമായി സഹകരിച്ച് മുളക് പൊടിയാക്കി വിപണന രംഗത്തേക്ക് എത്തിക്കാനാണ് പഞ്ചായത്തിൻ്റെ ശ്രമം. വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ വിപുലമാക്കാനും പഞ്ചായത്തിന് പദ്ധതിയുണ്ട്.