തിരുവനന്തപുരം : മണിപ്പൂരില്‍ ക്രൈസ്‌ത്രവരുടെ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്‌ത്രവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്‍റെ ഉദാഹരണമാണിതെന്നും രാജ്യത്ത് വിഭജനം ഉണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തി അതില്‍ നിന്നും ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളാണ് സംഘപരിവാറുകാരെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്‍റെ നടപടി ഞെട്ടിക്കുന്നതാണ്. ക്രൈസ്‌ത്രവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. ഏറ്റവും കൂടുതല്‍ ക്രൈസ്‌ത്രവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്.
മണിപ്പൂരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്‌ത്രവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്‌ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത് എന്ന് അദ്ദേഹം കൂട്ടിചേർത്തു. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിയും അരക്ഷിതത്വവുമുണ്ടാക്കി അവരെ വിഷമാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരായ ചെറുത്ത് നില്‍പാണ് രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.