തിരുവനന്തപുരം : ലോകത്തെ ഏറ്റവും വലിയ കറുപ്പ് (Opium) വ്യാപാര ശൃംഖല കെട്ടിപ്പടുത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കഥ ഇന്നു രഹസ്യമല്ല. 16-ാം നൂറ്റാണ്ടിന്‍റെ അവസാനവും 17-ാം നൂറ്റാണ്ടിലും മെഡിക്കല്‍ ആവശ്യങ്ങള്‍ പറഞ്ഞു ന്യായീകരിച്ചായിരുന്നു ബ്രിട്ടീഷുകാര്‍ കറുപ്പ് വ്യാപാരത്തിന്‍റെ കുത്തക ഏറ്റെടുക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയില്‍ കൃഷി ചെയ്‌ത കറുപ്പ് ചൈന ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കള്ളക്കടത്തുകാര്‍ വഴി ബ്രിട്ടണ്‍ യഥേഷ്‌ടം കച്ചവടം ചെയ്‌തു.
ഇതിനായി കേരളത്തിലെ തുറമുഖങ്ങള്‍ പ്രാദേശിക രാജ്യങ്ങളുടെ പിന്തുണയോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ചരിത്രകാരന്‍ വെള്ളനാട് ചാമചന്ദ്രന്‍. 1885 ന് ശേഷം ശ്രീ മൂലം തിരുന്നാളിന്‍റെ കാലത്തു കറുപ്പ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങള്‍ക്ക് ഇറക്കുമതി, കയറ്റുമതി ചുങ്കം എന്നറിയപ്പെട്ടിരുന്ന നികുതി നിലനിന്നിരുന്നതായും അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു. ഇതിനായി പ്രത്യേക ഏജന്‍റുമാരെ അന്നത്തെ ഭരണസംവിധാനം ചുമതലപ്പെടുത്തിയതായി രേഖകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇറക്കുമതിയും കയറ്റുമതിയും മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഈ ഏജന്‍റുമാരാകും. വ്യാപാരികള്‍ക്ക് ഇവരുമായി വ്യവഹാരം നടത്താം. ലഹരി വസ്‌തുവെന്ന നിലയിലല്ല, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കഞ്ചാവും കറുപ്പും ഉപയോഗിക്കപ്പെട്ടിരുന്ന കാലത്തായിരുന്നു ഈ സംഭവങ്ങള്‍. നികുതി പിരിവ് എളുപ്പമാക്കാനായിരുന്നു ഇത്തരം ഏജന്‍റുമാരെ അന്നത്തെ ഭരണകേന്ദ്രങ്ങള്‍ ചുമതലപ്പെടുത്തിയത്.
സുഗന്ധവ്യജ്ഞനങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വന്‍ തോതിലുള്ള വ്യാപാരത്തില്‍ ഇത്തരം ഏജന്‍റുമാരുടെ സാന്നിധ്യമില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഖനന വസ്‌തുക്കളുടെയും ലഹരിവസ്‌തുക്കളുടെയും കയറ്റുമതിയില്‍ ഇത്തരം സര്‍ക്കാര്‍ അംഗീകൃത ഏജന്‍റുമാരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും വെള്ളനാട് രാമചന്ദ്രന്‍ പറഞ്ഞു.
കുരുമുളകിന് പകരം കറുപ്പ് : ലോകമാകെ തേടിയെത്തിയ കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് വേണ്ടിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിലേക്ക് കറുപ്പുമായി എത്തിയതെന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ചരിത്ര ഗവേഷക വിദ്യാര്‍ഥി അരുണ്‍ തോമസ് പറയുന്നു. ദക്ഷിണേന്ത്യയില്‍ വ്യാപകമായി കറുപ്പ് ഉപയോഗിക്കപ്പെട്ടിരുന്നു എങ്കിലും കൃഷിയുണ്ടായിരുന്നില്ല. കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യം പിടിമുറുക്കാന്‍ ആരംഭിച്ചതോടെ ഡച്ച് സാന്നിധ്യം കച്ചവടബന്ധമായി ചുരുങ്ങി.
ഈ കാലഘട്ടത്തിലാണ് ബംഗാളില്‍ നിന്നുള്‍പ്പെടെ കറുപ്പുമായി ഡച്ചുകാര്‍ കേരളത്തിലേക്കെത്തുന്നത്. 1773 ല്‍ ലോകകറുപ്പ് വ്യാപാരം ബ്രിട്ടീഷ് കുത്തകയായി. പാരമ്പര്യമായി കറുപ്പ് കൃഷി ചെയ്യുന്നവര്‍ക്ക് ബ്രിട്ടീഷുകാര്‍ ലൈസന്‍സ് അനുവദിച്ചു. മലപ്പുറത്തെ ആലി രാജാക്കന്മാര്‍ക്ക് സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് പകരം കറുപ്പ് നല്‍കിയതിന്‍റെ ചരിത്രരേഖകളുമുണ്ടെന്നും അരുണ്‍ പറഞ്ഞു.
കേരളത്തിലെ കറുപ്പ് വ്യാപാരത്തിന്‍റെ തെളിവുകള്‍ : കേരളത്തില്‍ 16, 17 നൂറ്റാണ്ടുകളില്‍ പ്രബലമായിരുന്ന തലശ്ശേരി, കൊച്ചി തുറമുഖങ്ങളില്‍ കറുപ്പ് വ്യാപാരത്തിനായി സംഭരണ കേന്ദ്രങ്ങള്‍ നിലനിന്നിരുന്നതായി വിവിധ ഗവേഷണ പ്രബന്ധങ്ങളും ചരിത്ര പുസ്‌തകങ്ങളിലും ചൂണ്ടിക്കാട്ടുന്നു. നാഷണല്‍ ആര്‍കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള 1871 ലെ സര്‍ക്കാര്‍ രേഖകളില്‍ ബംഗാളില്‍ നിന്നും കറുപ്പ് മലബാറിലെ തുറമുഖങ്ങളിലെത്തിക്കുകയും ഇതു ചൈനയിലേക്ക് കയറ്റുമതി ചെയ്‌തതായും രേഖകളുണ്ട്. സംസ്ഥാന പുരാരേഖ വകുപ്പില്‍ സൂക്ഷിച്ചിട്ടുള്ള 1860 കളിലെ തലശ്ശേരി ജില്ലാ രേഖകളില്‍ തലശ്ശേരി തുറമുഖം ബോംബെയും ചൈനയുമായി കറുപ്പ് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പരാമര്‍ശമുണ്ട്.
കണ്ണൂരില്‍ ഇതിനായി സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായും സൂചിപ്പിക്കുന്നു. പ്രശസ്‌ത ചൈനീസ് ചരിത്രകാരന്‍ സെങ് യാങ്‌വെനിന്‍റെ 'ദി ബ്രിട്ടീഷ് ഒപിയം ട്രേഡ് ഇന്‍ ഇന്ത്യ ആന്‍ഡ് ചൈന' എന്ന പുസ്‌തകത്തിലെ 234-ാം പേജില്‍ കേരളത്തില്‍ നിലനിന്നിരുന്ന അന്താരാഷ്ട്ര വിപണി കറുപ്പ് കച്ചവടത്തിനായി വ്യാപകമായി ദുരുപയോഗിക്കപ്പെട്ടുവെന്ന് വിശദീകരിക്കുന്നുണ്ട്.