കോഴിക്കോട്: ചാത്തമംഗലം എൻഐടിയിൽ ഒരാഴ്‌ചയോളമായി നടന്നുവരുന്ന സമരം പിൻവലിച്ചു. സാനിറ്റേഷൻ സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാരുടെ സമരമാണ് പിൻവലിച്ചത്. ഇന്ന് വിവിധ രാഷ്ട്രീയ പ്രതിനിധി നേതാക്കൾ എൻഐടി രജിസ്ട്രാർ ശ്യാം സുന്ദര, ഡയറക്‌ടർ ഡോ പ്രസാദ് കൃഷ്‌ണ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ചർച്ചയുടെ ധാരണയനുസരിച്ച് നിലവിലുള്ള സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗത്തിലെ 312 ജീവനക്കാരെയും നിലനിർത്തുമെന്ന് മാനേജ്‌മെന്‍റ് ഉറപ്പുനൽകി. കൂടാതെ നിലവിലെ ജീവനക്കാരുടെ മെഡിക്കൽ പരിശോധന നടത്തി മാനദണ്ഡങ്ങൾ ഇല്ലാത്തവരെ നിലവിലെ ശമ്പള സ്‌കെയിൽ നൽകിക്കൊണ്ടുതന്നെ മറ്റ് ജോലികളിലേക്ക് മാറ്റാനും തീരുമാനിച്ചു.
കൂടാതെ ഇന്നുതന്നെ സമരം ചെയ്യുന്ന ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതിയും ചർച്ചയിൽ മാനേജ്‌മെന്‍റ് നൽകിയിട്ടുണ്ട്. ഇതിനുപുറമേ 60 വയസ് എന്ന മാനദണ്ഡം തന്നെ നിലനിർത്താനും തീരുമാനിച്ചു.
ഇപ്പോൾ കരാർ കമ്പനി പുതുതായി തെരഞ്ഞെടുത്ത ജീവനക്കാരെ നിലവിലെ ഒഴിവുകൾക്ക് അനുസരിച്ച് വിന്യസിക്കുന്നതിനും സംയുക്ത തൊഴിലാളി യൂണിയൻ അനുമതി നൽകിയതായി ചർച്ചയിൽ പങ്കെടുത്ത വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികൾ അറിയിച്ചു. സമരം വിജയിച്ചതോടെ സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കട്ടാങ്ങൽ അങ്ങാടിയിൽ ആഹ്‌ളാദ പ്രകടനം നടത്തി.
ALSO READ: കടലാക്രമണ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം; എടവനക്കാട് പഞ്ചായത്തിൽ ഹർത്താൽ പൂർണ്ണം