കോട്ടയം: മിന്നലേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്. കാഞ്ഞിരപ്പാറ സ്വദേശി മണികണ്‌ഠൻ (47) ആണ് മരിച്ചത്. നെടുംകുന്നം
മാണികുളത്ത് ആണ് അപകടം ഉണ്ടായത്. മാന്തുരുത്തി സ്വദേശി സുനീഷ് (37)ന് ആണ് മിന്നലിനെ തുടർന്ന് പരിക്കേറ്റത്. പരിക്കേറ്റ സുനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
മിന്നൽ മുൻകരുതലുകൾ:
- മിന്നലില്‍ നിന്നും രക്ഷ നല്‍കുന്ന സുരക്ഷിത ഇടങ്ങള്‍ കണ്ടെത്തുക. സ്‌റ്റീല്‍ ഫ്രെയിം ഉള്ള കെട്ടിടങ്ങള്‍, കൂരയും ഭിത്തിയും ലോഹഷീറ്റ് കൊണ്ട് മൂടി എര്‍ത്തിങ് ഉറപ്പാക്കിയ കെട്ടിടങ്ങള്‍, ലോഹ പ്രതലങ്ങള്‍ ഉള്ള വാഹനങ്ങള്‍ എന്നിവ സുരക്ഷിത ഗണത്തില്‍പ്പെടുന്നു.
- മിന്നലുണ്ടാകുമ്പോള്‍ നിങ്ങള്‍ വീട്ടിനു പുറത്താണെന്നിരിക്കട്ടെ. നല്ല മിന്നലുണ്ടാകുമ്പോള്‍ നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള കെട്ടിടത്തിന്‍റെ ഉള്‍വശത്തേക്ക് മാറി നില്‍ക്കുക. എന്നാല്‍ ചെറു കെട്ടിടങ്ങള്‍, ടവറുകള്‍, ഏറുമാടങ്ങള്‍, കുടിലുകള്‍ എന്നിവ ഒട്ടും സുരക്ഷിതമല്ല.
- തുറസായ സ്ഥലങ്ങള്‍, കുന്നുകള്‍, മലകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളും സുരക്ഷിതമല്ല.
- വന്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നതും ഒഴിവാക്കണം. ഇനി അഥവാ നിങ്ങള്‍ മിന്നലില്‍ ഒരു വന്‍ മരത്തിനു ചുവട്ടില്‍ കുടുങ്ങിപ്പോയെന്നിരിക്കട്ടെ. അതിന്‍റെ ചില്ലകളുടെ അടുത്തു നിന്നും പരമാവധി മാറി നില്‍ക്കുക. മിന്നല്‍ രൂക്ഷമായി തുടരുകയാണെങ്കില്‍ കാല്‍മുട്ടുകളും കൈകളും താടിയും ചേര്‍ത്ത് നിലത്ത് കുത്തിയിരിക്കുക.
- വൈദ്യുത ലൈനുകള്‍, ഉയരം കൂടിയ ലോഹക്കമ്പികള്‍ എന്നിവയ്‌ക്കടുത്ത് നില്‍ക്കരുത്.
- ടിവി ആന്‍റിന, കൊടിമരം, ലോഹപൈപ്പുകള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കണം.
- തടാകങ്ങള്‍ നീന്തല്‍ക്കുളങ്ങള്‍ എന്നിവ മിന്നല്‍ പതിക്കാന്‍ സാധ്യത ഏറെയുള്ള ഇടങ്ങളാണ്.
- പുഴകളിലോ ജലാശയങ്ങളിലോ ഉള്ള തോണികളിലും മിന്നല്‍ പതിക്കാന്‍ സാധ്യത കൂടുതലാണ്.
- മിന്നലുണ്ടാകുമ്പോള്‍ മോട്ടോര്‍ സൈക്കിളോ സൈക്കിളോ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തലാണ്.
- മിന്നല്‍ സമയത്ത് ലോഹങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൈവരികള്‍, വേലികള്‍ എന്നിവയോട് ചേര്‍ന്ന് നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- കാറുകള്‍, ലോഹ നിര്‍മ്മിതമായ മറ്റു വാഹനങ്ങള്‍, റെയില്‍വേ ട്രാക്ക് എന്നിവയോട് അടുത്തു നില്‍ക്കുന്നതും ഒഴിവാക്കുക.
- കനത്ത മിന്നലുണ്ടാകുമ്പോള്‍ കാല്‍പ്പാദങ്ങളും മുട്ടുകളും ചേര്‍ത്തു പിടിച്ച് കൈകള്‍ കൊണ്ട് മുട്ടിനുചുറ്റും വലയം ചെയ്‌ത് പിടിച്ച് താടി മുട്ടിനുമുകളില്‍ ഉറപ്പിച്ചു വച്ച് നിലത്ത് കുത്തിയിരിക്കണം.
- ടെറസില്‍ ലോഹ വയറുകള്‍ ഉപയോഗിച്ച് അയ കെട്ടിയിട്ടുണ്ടെങ്കില്‍ അതും ആപത്താണ്. വീട്ടിനു മുകളില്‍ ടെറസില്‍ മിക്ക വീടുകളിലും വിളക്കുകള്‍ ഘടിപ്പിക്കാറുണ്ട്. ഇതിന് ലോഹക്കമ്പികള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇന്നു തന്നെ ഉറപ്പു വരുത്തണം.
മിന്നലേറ്റു കഴിഞ്ഞാലുള്ള ചികില്‍സ : നേരിട്ട് മിന്നലേറ്റുണ്ടാകുന്ന മരണങ്ങള്‍ താരതമ്യേന കേരളത്തില്‍ കുറവാണ്. പൊള്ളലേറ്റുണ്ടാകുന്ന മരണങ്ങളും അപൂര്‍വം. മിക്ക കേസുകളിലും ശ്വാസതടസം മൂലമുള്ള മരണങ്ങളാണ് കണ്ടുവരുന്നത്. കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കി മിക്കവരേയും നമുക്ക് രക്ഷിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം.
രോഗിയെ മലര്‍ത്തിക്കിടത്തി നെഞ്ചിന് നടുവിലായുള്ള പരന്ന അസ്ഥിയില്‍ ഇടതു കൈപ്പത്തി ചേര്‍ത്തു വയ്‌ക്കുക. ഇടതു കൈപ്പത്തിക്കു മുകളിലായി വലതു കൈപ്പത്തിയും വയ്‌ക്കുക. കൈമുട്ടുകള്‍ നിവര്‍ത്തിപ്പിടിച്ച് നെഞ്ചില്‍ ശക്തിയായി അമര്‍ത്തിക്കൊണ്ടേയിരിക്കുക. പതിനഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ അമര്‍ത്തിക്കഴിയുമ്പോഴേക്ക് രോഗിക്ക് ശ്വാസഗതി വീണ്ടെടുക്കാനായേക്കും.
നാഡി മിടിപ്പ് വീണ്ടെടുക്കാനായാല്‍ മര്‍ദം നല്‍കുന്നത് നിര്‍ത്തുക. അവരെ സ്വയം ശ്വസിക്കാന്‍ അനുവദിക്കാം. ഇല്ലായെങ്കില്‍ വായിലൂടെ കൃത്രിമ ശ്വാസവും നല്‍കാം. ഇടതു കൈ കൊണ്ട് രോഗിയുടെ മൂക്ക് അടച്ചു പിടിച്ച് മറ്റേ കൈകൊണ്ട് തല അല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് വായില്‍ക്കൂടി ശക്തിയായി ഊതുക. ശ്വാസഗതി വീണ്ടെടുക്കുന്നതു വരെയോ അല്ലെങ്കില്‍ വൈദ്യ സഹായം കിട്ടുന്നതു വരെയോ ഇത് തുടരണം.
Also Read: സംസ്ഥാനത്ത് മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്