തിരുവനന്തപുരം: തിരുവോണം ബമ്പര്‍ 25 കോടി രൂപ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക സ്വദേശി അല്‍ത്താഫിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TG434222 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. വയനാട്ടിലെ സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അല്‍ത്താഫിന്‍റെ കുടുംബം വ്യക്തമാക്കി. കര്‍ണാടകയിലെ മൈസൂരുവിലെ പാണ്ഡവപുര സ്വദേശിയായ അല്‍ത്താഫ് മെക്കാനിക്കായാണ് ജോലി ചെയ്യുന്നത്.
വയനാട് പനമരത്തെ എസ് ജെ ലക്കി സെന്‍ര്‍ ഹോള്‍സെയില്‍ ലോട്ടറി ഏജന്‍റ്സ് കൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത് ബത്തേരിയിലെ നാഗരാജിന്‍റെ എന്‍ ജി ആര്‍ ലോട്ടറീസ് ആണെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഇന്നാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. 15 കൊല്ലമായി ടിക്കറ്റ് എടുക്കുന്ന അല്‍ത്താഫിന് ഇതാദ്യമായാണ് കേരളക്കരയില്‍ നിന്നും ഭാഗ്യം തേടിയെത്തിയത്.
സാധാരണക്കാരനായ അല്‍ത്താഫിന് ലോട്ടറിത്തുക കൊണ്ട് വീട് വയ്‌ക്കാനാണ് ആഗ്രഹം. ബമ്പറടിച്ച തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കണമെന്നും മകളുടെ വിവാഹം നടത്താനാണ് ആദ്യം പ്രാധാന്യം നല്‍കുകയെന്നും അല്‍ത്താഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പനമരത്തെ അനീഷ് കുമാറിന്‍റെ എസ് ജെ ലക്കി സെന്‍റര്‍ എന്ന ജില്ലാ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എസ് ജെ ലക്കി സെന്‍ററില്‍ നിന്ന് ഈ ടിക്കറ്റ് വാങ്ങിച്ചത് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആര്‍ ലോട്ടറീസിലെ നാഗരാജനാണ്.സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പതിനഞ്ച് വര്‍ഷമായി ലോട്ടറി കച്ചവടം നടത്തുന്ന നാഗരാജന്‍ ഒരുമാസം മുമ്പ് വിറ്റ ടിക്കറ്റാണിതെന്ന് കഴിഞ്ഞ ദിവസം ഓര്‍ത്തെടുത്തിരുന്നു.
"ആദ്യ ലോട്ടില്‍ വന്ന ടിക്കറ്റാണിത്. ആരാണ് വാങ്ങിയതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. നിരവധി ആളുകള്‍ കടയില്‍ വരാറുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളും ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം അടിച്ചതില്‍ വലിയ സന്തോഷം. " വി നാഗരാജ് ഇടിവി ഭാരതിനോട് പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം ഓണം ബമ്പര്‍ അടിച്ചത് തമിഴ്‌നാടിന്
കഴിഞ്ഞ വര്‍ഷത്തെ ഓണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് ടിക്കറ്റ് പരസ്‌പരം പങ്കിട്ടെടുത്ത തമിഴ്‌നാട് സ്വദേശികള്‍ക്കായിരുന്നു. തിരുപ്പൂര്‍ സ്വദേശികളായ സ്വാമിനാഥ്, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തിരുന്നത്. വാളയാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കണ്ട് തിരിച്ചുവരുന്ന വഴിയാണ് ഇവര്‍ പാലക്കാട് നിന്ന് ടിക്കറ്റെടുത്തത്. മൂന്ന് ടിക്കറ്റുകളെടുത്തിരുന്നു. ഫലം വന്ന് അര മണിക്കൂര്‍ കഴിഞ്ഞ് ഓണ്‍ലൈനില്‍ നോക്കുമ്പോഴാണ് ബമ്പറടിച്ച വിവരമറിഞ്ഞത്. ടിക്കറ്റുകള്‍ സഹൃത്തുകള്‍ ചേര്‍ന്ന് ലോട്ടറി ഓഫിസിലെത്തി കൈമാറുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോട്ടറിയടിച്ചാല്‍ വിജയിക്ക് കിട്ടുക
ഒന്നാം സമ്മാനമായും മറ്റും വാഗ്‌ദാനം ചെയ്യുന്ന തുക മുഴുവനായും ഭാഗ്യക്കുറി വിജയികള്‍ക്ക് ലഭിക്കില്ലെന്നത് വസ്തുതയാണ്. ആദായനികുതി വിഹിതവും സര്‍ചാര്‍ജും കഴിച്ചുള്ള തുകയാണ് വിജയികള്‍ക്ക് ലഭിക്കുകയെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിനു പുറമേയാണ് ഏജന്‍റ് കമ്മിഷന്‍. തിരുവോണം ബംപർ ലോട്ടറി വാഗ്‌ദാനം ചെയ്യുന്ന ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഏജന്‍റ് കമ്മിഷനായ പത്ത് ശതമാനം ഓണം ബമ്പറിന്‍റെ കാര്യത്തില്‍ രണ്ടര കോടി രൂപ വരും.
ഒന്നാം സമ്മാനത്തുകയായ 25 കോടിയില്‍ ഏജന്‍റ് കമ്മിഷൻ കഴിച്ചുള്ള ഇരുപത്തിരണ്ടര കോടി രൂപയാണ് യഥാര്‍ഥത്തില്‍ ഭാഗ്യവാന് ലഭിക്കേണ്ട സമ്മാനത്തുക. എന്നാല്‍ ഈ തുകയില്‍ നിന്നാണ് ആദായ നികുതി കണക്കാക്കുക. 10 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നവര്‍ അടക്കേണ്ട ആദായ നികുതി 30 ശതമാനമാണ്. ആദായനികുതി 30 ശതമാനം കൂടി ലോട്ടറി വകുപ്പ് നേരിട്ട് ആദായ നികുതിയിനത്തില്‍ അടക്കും. ഇങ്ങിനെ ആറു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് ടി ഡി എസ് ഇനത്തില്‍ കുറയ്ക്കുക. ബാക്കി വരുന്ന 15 കോടി എഴുപത്തഞ്ച് ലക്ഷവും നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കില്ല.
50 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ ആദായ നികുതി നിയമ പ്രകാരം സര്‍ചാര്‍ജ് അടക്കാന്‍ ബാധ്യസ്ഥരാണ്. അതും വരുമാന സ്ലാബുകളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 50 ലക്ഷം മുതല്‍- 1കോടി വരെ 10 ശതമാനവും 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും 2 കോടി മുതല്‍ 5 കോടി വരെ 25 ശതമാനവും 5 കോടിക്ക് മുകളില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ്. ഇവിടെ സമ്മാനത്തുക 15 കോടിക്കുമേലെയായതിനാല്‍ വിജയിയുടെ പേരില്‍ ഒടുക്കേണ്ടി വരുന്ന സര്‍ചാര്‍ജ് 37 ശതമാനമാണ്. ഏതാണ്ട് രണ്ടര കോടി രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പിടിക്കും.
ഇതിനു പുറമേ ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ് ഇനത്തില്‍ 4 ശതമാനം കൂടി അടക്കുമ്പോള്‍ സമ്മാനത്തുകയില്‍ നിന്ന് 37 ലക്ഷത്തോളം വീണ്ടും കുറയും. അതായത് ഏജന്‍റ്സ് കമ്മിഷന്‍ കഴിഞ്ഞ് ഒന്നാം സമ്മാന വിജയിക്ക് കിട്ടേണ്ട 22.5 കോടിയില്‍ നിന്ന് വിവിധ ഇനങ്ങളിലായി 9 കോടി അറുപത്തൊന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ കൂടി പിടിക്കും. എല്ലാം കഴിഞ്ഞ് ജേതാവിന് കിട്ടുക 12 കോടി എണ്‍പത്തിയെട്ട് ലക്ഷത്തി ഇരുപത്താറായിരം കോടി രൂപയാണ്. ലോട്ടറി അടിച്ചു കിട്ടിയ പണം കൊണ്ട് നേടുന്ന പലിശ വരുമാനത്തിന് പിന്നീട് വരുന്ന വര്‍ഷങ്ങളിലും നികുതി വരും.
Read Also: തിരുവോണം ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം TG434222 എന്ന ടിക്കറ്റിന്