കാസർകോട്: ഇനി വോട്ട് ചെയ്യാനും പഴയകാല തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞു തരാനും കുപ്പച്ചിയമ്മ ഇല്ല. കാസർകോട്ടെ ഏറ്റവും പ്രായം കൂടിയ വോട്ടർ വെള്ളിക്കോത്ത് അടോട്ട് കൂലോത്തു വളപ്പ് ചാപ്പയിൽ വീട്ടിലെ സി കുപ്പച്ചിയമ്മ അന്തരിച്ചു. 111 വയസായിരുന്നു.
വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക സ്‌കൂളിലെ ഇരുപതാം നമ്പർ ബൂത്തിലെ 486-ാം നമ്പർ വോട്ടർ ആയിരുന്നു കുപ്പച്ചിയമ്മ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയോധികർക്കുള്ള വീട്ടിലെ വോട്ട് പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം ഇവരുടെ വീട്ടിലെത്തിയാണ് കലക്‌ടർ കെ ഇമ്പശേഖർ നിർവഹിച്ചത്. ആദ്യ വോട്ട് രേഖപ്പെടുത്തിയ കുപ്പച്ചിയമ്മയെ കലക്‌ടർ ആദരിക്കുകയും ചെയ്‌തിരുന്നു.
ഇക്കഴിഞ്ഞ വയോജന ദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീട്ടിലെത്തി കുപ്പച്ചിയമ്മയെ ആദരിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് അവശതയൊക്കെ മറന്ന് 'ഇടിവി ഭാരതിനോട്' ഇവർ സംസാരിച്ചിരുന്നു. ഇഎംഎസിന്‍റെ കാലം തൊട്ട് വോട്ട് ചെയ്‌ത കഥകളും കുപ്പച്ചിയമ്മ പങ്കുവച്ചിരുന്നു.
ചിലതൊക്കെ തപ്പിയും തടഞ്ഞും ഓർത്തെടുക്കും. കൊച്ചു മക്കളോടും തെരഞ്ഞെടുപ്പിന്‍റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. കേരളത്തിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ അച്ഛന്‍റെ കൂടെ ആണ് പോയതെന്ന് കുപ്പച്ചി അമ്മ പറഞ്ഞിരുന്നു. ഇഎംഎസിന്‍റെ കടുത്ത ആരാധിക കൂടി ആയിരുന്നു കുപ്പച്ചിയമ്മ. 1948ലെ നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്ത ചരിത്രവും ഉണ്ട് ഈ മുത്തശ്ശിക്ക്.
ALSO READ: ഇവിടെയുണ്ട് 111 വയസുള്ള വോട്ടർ: ഇഎംഎസിന്‍റെ ആരാധിക; ഇത്തവണയും വോട്ട് ചെയ്യുമെന്ന് കുപ്പച്ചിയമ്മ