കാസർകോട്: കശുമാങ്ങയിൽ നിന്നുള്ള കാർബണേറ്റഡ് പാനീയമായ 'ഒസിയാന' വിപണിയിലേക്ക്. കാസർകോട് മുളിയാറിലെ ഫാക്‌ടറിയിലാണ് പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ 'ഒസിയാന' നിർമ്മാണം. ഒസിയാനയിലൂടെ സോഫ്റ്റ് ഡ്രിങ്ക് വിപണി കീഴടക്കാൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങൾ തയ്യാറാക്കുന്നതിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഒസിയാന കാർബണേറ്റഡ് ഡ്രിങ്ക്, കശുമാങ്ങ സിറപ്പ് എന്നിവ വിപണിയിലെത്തിക്കുന്നത്.
10 വർഷം പ്രായമായ കശുമാവിൽ നിന്നും 10 കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോ കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായി പോകുന്നുണ്ട്. 100 ഗ്രാം കശുമാങ്ങയിൽ 180 മുതൽ 370 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്‌ടമായ ഇതിൽ നിർജ്ജലകരണ ഘടകങ്ങൾ ഉള്ളതിനാൽ കോശങ്ങളുടെ സംരക്ഷണത്തിനും യുവത്വം നിലനിർത്താനും പല ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും.
എന്നാൽ കറയുള്ളത് കൊണ്ട് അധികമാരും ഇത് കഴിക്കാറില്ല. കശുമാങ്ങയ്ക്ക് ചവർപ്പ് നൽകുന്നത് ടാനിനാണ്. പഴച്ചാറിൽ കഞ്ഞി വെള്ളം ഒഴിച്ചോ ചവ്വരി കുറുക്കി ചേർത്തോ ചവർപ്പ് മാറ്റിയതിന് ശേഷമാണ് ഇരട്ടി മധുരം ചേർത്ത് പൾപ്പ് ഉണ്ടാക്കുന്നത്. കശുമാങ്ങ നീരിൽ നിന്നുമാണ് സിറപ്പ്, കാർബണേറ്റഡ് ഡ്രിങ്ക്, സോഡാ എന്നിവ നിർമ്മിക്കുന്നത്.
ആരോഗ്യത്തിന് ഗുണകരമായതിനാൽ സംസ്ഥാനത്തിനകത്തും പുറത്തും കൂടുതൽ വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് കാർബണേറ്റഡ് ഡ്രിങ്കുകൾ വിൽപ്പന നടത്താനാകുന്നത്.
എന്നാൽ, കാസർകോട് പുതിയ പ്ലാൻ്റ് സ്ഥാപിച്ചതോടെ ഒൻപത് ലക്ഷമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം കശുമാങ്ങ സിറപ്പും വിപണിയിലെത്തും. ഇതോടെ കശുവണ്ടിക്കൊപ്പം കശുമാങ്ങയ്ക്കും വില ലഭിക്കുകയും കർഷകർക്ക് കൃഷി ലാഭത്തിലേക്കെത്തിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് കൃഷി വകുപ്പ് കണക്ക് കൂട്ടുന്നത്.