വയനാട് : ഒ ആര്‍ കേളു എംഎല്‍എ പട്ടികജാതി - പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയാകും. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്ന കെ രാധാകൃഷ്‌ണൻ ആലത്തൂര്‍ ലോക്‌സഭ സീറ്റില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മന്ത്രിപദം ഒ ആര്‍ കേളു എംഎല്‍എയിലേക്കെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഏക എംഎല്‍എ അതും രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടയാള്‍ എന്നീ കാരണങ്ങളാണ് ഒ ആര്‍ കേളുവിനെ തെരഞ്ഞെടുക്കാന്‍ കാരണം.
യുഡിഎഫിന്‍റെ ഉരുക്കുകോട്ടയായ മാനന്തവാടി മണ്ഡലത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്‌മിയെ തോല്‍പ്പിച്ചാണ് ഒആര്‍ കേളു ആദ്യം സാമാജികനാവുന്നത്. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ 15 വര്‍ഷം പ്രതിനിധിയായിരുന്ന ഒ ആര്‍ കേളു പത്ത് വര്‍ഷം പ്രസിഡന്‍റായിരുന്നു. ആറുമാസം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ച ശേഷമാണ് ഒ ആര്‍ കേളു നിയമസഭയുടെ പടികടന്നെത്തുന്നത്.
ആദ്യ തെരഞ്ഞടുപ്പില്‍ പി കെ ജയലക്ഷ്‌മിയെ 1307 വോട്ടിന് മാത്രം തോല്‍പ്പിച്ച ഒ ആര്‍ കേളു രണ്ടാം തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 9282 ആയി ഉയര്‍ത്തിയാണ് വീണ്ടും ജയലക്ഷ്‌മിയെ തോല്‍പ്പിച്ചത്. കൂടാതെ ആദിവാസി ക്ഷേമസമിതി (എകെഎസ്) സംസ്ഥാന പ്രസിഡന്‍റ്, ആദിവാസി അധികാര്‍ രാഷ്‌ട്രീയ മഞ്ച് (എഎആര്‍എം) അഖിലേന്ത്യ കമ്മിറ്റിയംഗം, എസ്‌സിഎസ്‌ടി നിയമസഭ സമിതി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളൊക്കെ ഒആര്‍ കേളുവിന് അനുകൂല ഘടകമായി. ന്യൂനപക്ഷ മേഖയിലെ സ്വാധീനം, രാഷ്‌ട്രീയത്തിനുപരി ജനങ്ങളുമായുള്ള ബന്ധം, പാര്‍ട്ടിക്കുള്ളിലെ സ്വീകാര്യത എന്നിവയും ഒ ആര്‍ കേളുവിന് ഗുണം ചെയ്‌തു.