തൃശൂർ: നാമനിർദേശപത്രിക സമർപ്പിച്ച് ചേലക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ്, ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്‌ണൻ എന്നിവരാണ് വടക്കാഞ്ചേരി താലൂക്ക് ഓഫിസിലെത്തി വരണാധികാരി കിഷോർ ടിപിക്ക് മുൻപാകെ പത്രിക സമർപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളുടെ പത്രികാ സമർപ്പണം നടത്തിയതോടെ ചേലക്കരയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. രാവിലെ 11.10ന് എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് വരണാധികാരി കിഷോർ ടിപിക്ക് മുൻപാകെ പത്രിക സമർപ്പിച്ചു. എൽഡിഎഫ് ജില്ലാ സെക്രട്ടറി എംഎം വർഗീസ് , കെ രാധാകൃഷ്‌ണൻ എംപി എന്നിവർക്കൊപ്പമെത്തിയാണ് യുആർ പ്രദീപ് പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നാൽ കേരള സർക്കാർ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പത്രിക സമർപ്പിച്ച ശേഷം പറഞ്ഞു.
11.45 ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ്‌കുമാർ, ജില്ലാ സെക്രട്ടറി റോഷൻ എന്നിവർക്കൊപ്പം എത്തിയാണ് എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്‌ണൻ നാമനിർദേശപത്രിക സമർപ്പിച്ചത്. വലിയ വിജയപ്രതീക്ഷയുണ്ടെന്നും ചേലക്കരയിലെ ജനങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നത്. ജനങ്ങളുടെ ഒപ്പം സാധാരണക്കാരനിൽ സാധാരണക്കാരനായി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാർഥി കെ ബാലകൃഷ്‌ണൻ പ്രതികരിച്ചു.
രണ്ട് മണിയോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അമീർ, ഡിസിസി സെക്രട്ടറി വേണുഗോപാല മേനോൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ അനീഷ്, ഷാനവാസ് എന്നിവർക്കൊപ്പമെത്തി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് നാമനിർദേശപത്രിക സമർപ്പിച്ചു. വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്നും ചേലക്കരയിലെ ജനങ്ങളുടെ മനസ് തങ്ങൾക്കൊപ്പമെന്നും പത്രിക സമർപ്പിച്ച ശേഷം രമ്യ ഹരിദാസ് പ്രതികരിച്ചു.
Also Read: 'ഇത് തന്‍റെ പുതിയ യാത്ര'; നാമനിര്‍ദേശ പത്രിക സമർപ്പിച്ച് പ്രിയങ്കാ ഗാന്ധി, ആവേശക്കടലായി വയനാട്