കോഴിക്കോട്: കേരളത്തിലെ 'മൂന്നിലങ്ക'ത്തിൽ പാലക്കാട് പോർക്കളമാകുന്നു. വരത്തനെ ഇറക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിൻ കയർത്ത് പുറത്തായതോടെ തെരഞ്ഞെടുപ്പ് ചിത്രം മാറുകയാണ്. ഇനി എല്ലാ കണ്ണുകളും സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്കാണ്. സിപിഎം ആവശ്യപ്പെട്ടാൽ മത്സരിക്കും എന്ന് പറഞ്ഞ സരിൻ, ജില്ല സെക്രട്ടറി വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തി.
സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചതായും സരിന്‍ പറഞ്ഞു. ഇത് സത്യമാണെന്ന് സിപിഎം ജില്ല സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും സമ്മതിച്ചു. വെള്ളിയാഴ്‌ച ചേരുന്ന ജില്ല സെക്രട്ടറിയേറ്റും ജില്ല കമ്മിറ്റിയും കഴിഞ്ഞ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. അത് സരിന്‍റെ പേര് തന്നെയാകും എന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു. നിലവിൽ പാലക്കാട് മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിന് എങ്ങനെ വിജയിക്കാം എന്ന ചിന്ത തുടങ്ങിയിട്ട് നാൾ കുറേയായി.
വിഡി സതീശന്‍റേയും ഷാഫി പറമ്പിലിന്‍റേയും ഇഷ്‌ടപ്രകാരം പത്തനംതിട്ടക്കാരനായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് വരുന്നതെന്നറിഞ്ഞ സിപിഎം നേരത്തേ കരുക്കൾ നീക്കിയിരുന്നു. എകെ ബാലന്‍റേതായിരുന്നു ബുദ്ധി. സ്വന്തം പാർട്ടിയോട് പോരാടുമ്പോൾ എടുക്കേണ്ട തന്ത്രങ്ങളും സിപിഎം സരിന് ഓതിക്കൊടുത്തിരുന്നു എന്നാണ് വിവരം. അതിൽ പിടിച്ചാണ് സരിൻ ആഞ്ഞടിച്ചത്.
സിപിഎം തൊടുത്ത് വിടുന്ന ആരോപണങ്ങളെ മറുപക്ഷത്തുള്ളവർ എന്നെങ്കിലും ശരിയായിരുന്നു എന്ന് വെളിപ്പെടുത്തിയാൽ അത് വജ്രായുധമാക്കുന്നതാണ് പാർട്ടി രീതി. മുന്‍പ് എംവി ഗോവിന്ദൻ ഉയർത്തി വിട്ട വിഷയം ഇന്ന് സരിൻ ശരിവെച്ചിരിക്കുകയാണ്. പാലക്കാട്ടെ ഉറച്ച സീറ്റിൽ നിന്നും ഷാഫി പറമ്പിലിനെ വടകരയിൽ ഇറക്കിയതിന് പിന്നിൽ ഒരു ആസൂത്രണം നടന്നിരുന്നു എന്നായിരുന്നു ഗോവിന്ദന്‍റെ ആരോപണം. ഇന്ന് അത് സരിൻ ശരിവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
''ബിജെപി അപകടം അല്ല സിപിഎമ്മിനെ ആണ് എതിർക്കേണ്ടത് എന്നത് പാർട്ടിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നു. ബിജെപിയോട് ഒരു മൃദുസമീപനം ആണ് വിഡി സതീശൻ കാണിച്ചത്. വടകര സീറ്റിൽ സിപിഎമ്മിനെ തോൽപിക്കാൻ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്‍റെ ഗുണം ഭാവിയിൽ ബിജെപിക്കാണെന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി'' എന്നാണ് സരിൻ പറഞ്ഞത്.
സരിൻ സ്ഥാനാർത്ഥിയായാൽ
പാലക്കാട്ടെ സിപിഎം ക്യാമ്പിൽ നിന്ന് തലയെടുപ്പുള്ള ഒരു നേതാവ് മത്സരിക്കാൻ ഇല്ലാതായതോടെ പ്രതീക്ഷിച്ച ക്രോസ് വോട്ട് കുറയും. അതേസമയം ചെങ്കൊടി പിടിച്ച പാരമ്പര്യമുള്ളവരെ മറന്ന് ഓടി വന്നവന് കസേരയിട്ടു കൊടുത്തത് സിപിഎം അണികളെ ചൊടിപ്പിച്ചേക്കാം. ഇതേ വിഷയം നിഷ്‌പക്ഷരായവരും ചിന്തിച്ചാൽ പോരാട്ടം പഴയതു പോലെ കോൺഗ്രസും ബിജെപിയും തമ്മിലാകും.
പാഠം പഠിക്കില്ലേ സിപിഎം ?
ഒരു സീറ്റ് പിടിക്കാൻ ഏത് വഴിയും സ്വീകരിച്ച് മുഖത്തടി കിട്ടിയതിന്‍റെ ചൂട് മാറുന്നതിന് മുമ്പാണ് അടുത്ത പരീക്ഷണം. നിലമ്പൂർ പിടിക്കാൻ ഇറക്കിയ അൻവർ ഇപ്പോൾ എവിടെയാണ്. ഇക്കാലമത്രയും കാണാത്ത അടി നൽകിയാണ് അൻവർ കളം മാറ്റി ചവിട്ടിയത്. ഇതേ പാതയിലേക്ക് കാരാട്ട് റസാഖും മാറി വരുന്നു. രാജ്യസഭ ലക്ഷ്യം വച്ചാണെങ്കിലും കെടി ജലീലും ജനവിധിയിൽ നിന്ന് പിന്മാറിയിരിക്കുന്നു. ലീഗിൽ നിന്ന് ഇറങ്ങിയതിന്‍റെ പിറ്റേന്ന് ഏണി മാറ്റി അരിവാൾ ചുറ്റിക പിടിപ്പിച്ച് പൊന്നാനിയിൽ ഇറക്കിയ കെഎസ് ഹംസ കിട്ടിക്കൊണ്ടിരുന്ന വോട്ടും നഷ്‌ടപ്പെടുത്തി. തൃക്കാക്കരയിൽ അരുൺ കുമാർ എന്ന മികച്ച സഖാവിനെ വെട്ടി പരീക്ഷണം നടത്തിയപ്പോഴും വയറ് നിറച്ച് കിട്ടി. ഒടുവിൽ ഇതാ സരിൻ. എല്ലാം കണ്ടറിയാം.