കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന 14-കാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയാണ് മരിച്ചത്. വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രത്യേക ഐസിയുവിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10.50-ഓടെ കുട്ടിക്ക് ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്ന് 11.30 ഓടെയാണ് മരണം സംഭവിച്ചത്.
ജൂലൈ 10 ന് ആണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടിയെങ്കിലും മാറ്റമില്ലാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. ഇവിടെ നിന്നും പനി മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 19-ന് രാത്രിയാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുന്നത്.
ഇതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കോഴിക്കോട് വൈറോളജി ലാബിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനകളിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും അടുത്ത സുഹൃത്തും നിരീക്ഷണത്തിലാണ്. കുട്ടിയുടെ കുടുംബവുമായി ആലോചിച്ച ശേഷം നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് ഇത് അഞ്ചാം തവണയാണ് നിപ വൈറസ് സ്ഥിരീകരിക്കുന്നത്. 21 പേരാണ് കേരളത്തില്‍ നിപ ബാധിച്ച് ഇതുവരെ മരിച്ചത്. അതേസമയം കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ജൂലൈ 11 മുതൽ 15 വരെയുളള തീയതികളിൽ ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക്, പികെഎം ഹോസ്‌പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്‌പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങള്‍ 14 കാരന്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.