കോഴിക്കോട്: അക്ഷരം മനസിൽ കുറിച്ച കാലം മുതൽ വായനയായിരുന്നു മാവൂർ കണ്ണിപറമ്പിലെ നിഹാരയുടെ ലോകം. നിഹാര കയ്യിൽ കിട്ടുന്നതെല്ലാം ശ്രദ്ധയോടെ വായിച്ചു. ഇപ്പോൾ ചാത്തമംഗലം സേക്രഡ് ഹാർട്ട് നാഷണൽ സ്‌കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുകയാണ് നിഹാര. ഈ കുഞ്ഞു പ്രായത്തിൽ മനോഹരമായ ഒരു പുസ്‌തകം പുറത്തിറക്കിയിരിക്കുകയാണ് നിഹാര.
'ടെസ്സ ദി സ്‌കൂൾ ഓഫ് ഗോസ്‌റ്റ്സ്' എന്ന പേരിലാണ് പുസ്‌തകം പുറത്തിറങ്ങിയത്. സൗഹൃദവും സ്‌നേഹവും ധൈര്യവും അമാനുഷികതയും എല്ലാമുണ്ട് 'ടെസ്സ ദി സ്‌കൂൾ ഓഫ് ഗോസ്‌റ്റ്സ്' എന്ന നോവലിൽ. അവസാനം വരെ സസ്‌പെൻസ് നിലനിർത്തിയാണ് നിഹാര നോവൽ എഴുതിയിരിക്കുന്നത്. കുട്ടിത്തം മാറാത്ത നിഹാരയുടെ പുസ്‌തകം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ ഹൃദ്യമാണ്.
ഇതുവരെ വായിച്ച പുസ്‌തകങ്ങളാണ് എഴുത്തിൽ തനിക്ക് പ്രചോദനമായതെന്ന് നിഹാര പറയുന്നു. പഠനത്തിനിടയിൽ കിട്ടുന്ന ഒഴിവു സമയങ്ങളിൽ നിഹാര കുത്തിക്കുറിക്കുന്നത്. എഴുത്തുകാരിയിലേക്കുള്ള നിഹാരയുടെ ഉയർച്ചയാണെന്ന് മാതാപിതാക്കളും ആദ്യം അറിഞ്ഞിരുന്നില്ല. കഥയുടെ അവസാന വരിയും എഴുതി കഴിഞ്ഞപ്പോഴാണ് നിഹാര വീട്ടുകാരെ പോലും ആദ്യ കഥ കാണിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല. കുത്തിക്കുറിച്ചിട്ട വരികൾ 'ടെസ്സ ദി സ്‌കൂൾ ഓഫ് ഗോസ്‌റ്റ്സ്' എന്ന പുസ്‌തകമായി രൂപാന്തരപ്പെട്ടു.
തൃശൂർ ഐവറി ബുക്‌സ് ആണ് നിഹാരയുടെ ആദ്യ നോവൽ പുറത്തിറക്കിയത്. ഭാവിയിൽ മികച്ചൊരു എഴുത്തുകാരിയായി മാറണം എന്നാണ് നിഹാരയുടെ ആഗ്രഹം. ഒപ്പം കഴിയുന്നത്ര പുസ്‌തകങ്ങൾ വായിക്കണം എന്നും എഴുത്തിന്‍റെ ലോകത്തേക്ക് കാൽവച്ച ഈ കുഞ്ഞ് എഴുത്തുകാരിക്കുണ്ട്.
കോഴിക്കോട് കൺട്രോൾ റൂമിലെ പൊലീസുകാരനായ ശ്രീജിത്തിന്‍റെയും നരിക്കുനി ബൈത്തുൽ ഇസാ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അധ്യാപികയായ രസ്‌നയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് നിഹാര എന്നാൽ ഈ കുഞ്ഞ് എഴുത്തുകാരി.