പത്തനംതിട്ട: സന്നിധാനത്ത് ശുദ്ധജലം എത്തിക്കുന്നതിനായി കുന്നാർ ഡാമിൽ നിന്ന് ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ പി എസ് പ്രശാന്ത്. കുന്നാർ ഡാം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്നാർ ഡാമിൽനിന്ന് ശുദ്ധജലം എത്തിക്കുന്നതിനായി രണ്ട് പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018 ലെ പ്രളയത്തിൽ ഇതിലൊന്ന് തകർന്ന് പോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈൻ കൂടി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനം വകുപ്പിന്‍റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്.
കുന്നാർ ഡാമിൽ നിന്ന് ജലം എത്തിക്കാൻ സർക്കാർ എല്ലാ സഹായവും നൽകാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് കുടിവെള്ളം എത്തിക്കുന്നതിനായി 1953ല്‍ ആണ് കുന്നാർ ഡാം കമ്മീഷൻ ചെയ്‌തത്.
സന്നിധാനത്തിന് എട്ട് കിലോമീറ്റർ അകലെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. മലമുകളിൽ നിന്നുള്ള ജലം ഡാം കെട്ടി പൈപ്പ് മുഖേനയാണ് സന്നിധാനത്തേക്ക് എത്തിക്കുന്നത്.
വൈദ്യുതിയോ മോട്ടോറോ ഉപയോഗിക്കാതെ ഗുരുത്വകർഷണ ബലത്താലാണ് വെള്ളം സന്നിധാനത്തെ പാണ്ടിത്താവളത്തുള്ള ജല സംഭരണികളിൽ എത്തുന്നത്. ഇവിടെ നിന്നാണ് വിവിധ ഇടങ്ങളിലേക്ക് വിതരണം ചെയ്യുന്നത്.
വനത്തിനുള്ളിലൂടെ കാൽനടയായി മാത്രമേ ഡാമിൽ എത്താനാകൂ. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. പൊലീസും വനംവകുപ്പും കനത്ത സുരക്ഷയാണ് ഡാമിൽ ഒരുക്കിയിട്ടുള്ളത്. കുന്നാർ ഡാമിലെ ജല വിതരണ സംവിധാനങ്ങളുടെ പ്രവർത്തനം ദേവസ്വം പ്രസിഡന്‍റും എൻജിനീയർമാരും വിലയിരുത്തി.
ശബരിമലയിലെ പൊലീസ് ക്രമീകരണങ്ങൾ വന്‍ വിജയമായെന്ന് സ്‌പെഷൽ ഓഫീസര്‍
മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വലിയ വിജയമായതായി പൊലീസ്.
നിലവിൽ കാര്യങ്ങളെല്ലാം സുഗമമായതിനാൽ ക്രമീകരണങ്ങൾ തുടരുമെന്നും മാറ്റങ്ങൾ വരുത്തില്ലെന്നും സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി ചുമതലയേറ്റ പി ബിജോയ് പറഞ്ഞു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലാണ് പി ബിജോയ്. ഡിസംബർ 13 വരെയാണ് അദ്ദേഹത്തിന് സന്നിധാനത്തെ ചുമതല. പെരുമ്പാവൂർ എഎസ്‌പി ശക്തി സിംഗ് ആര്യ സന്നിധാനത്തെ ജോയിന്‍റ് സ്‌പെഷൽ ഓഫീസറായും ചുമതലയേറ്റു.
Also Read: സന്നിധാനത്തും പരിസരത്തും നടന്നത് 1008 പരിശോധനകള്‍; ജാഗ്രതയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ്