കൊല്ലം : ഡിവൈഎഫ്ഐ ജില്ല കമ്മറ്റി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നെറ്റ്- നീറ്റ് പരീക്ഷകളിലെ ക്രമക്കേട് കേന്ദ്ര സർക്കാർ വിദ്യാർഥികളോട് കാണിക്കുന്ന ചതിയാണെന്നും അവർ വിദ്യാർഥികളുടെ ഭാവി തുലയ്ക്കുകയാണെന്നും ആരോപിച്ചാണ് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
കെഎസ്ആർടിസി ബസ്റ്റാന്‍റിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ച് ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ ബാരിക്കേഡ് മറിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും ഹെഡ് പോസ്റ്റാഫീസിനുള്ളിലേക്ക് പ്രവേശിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്‌തു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റിതുലച്ചുകൊണ്ടിരുന്ന കേന്ദ്രസർക്കാർ വിദ്യാർഥികളുടെ ഭാവി കൂടി ഇല്ലാതാക്കുന്ന നടപടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത് എന്ന് ചിന്താ ജെറോം പറഞ്ഞു. സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ടി.ആർ ശ്രീനാഥ്, ജില്ലാ സെക്രട്ടറി ശ്യാമോഹൻ , ജില്ലാ ട്രഷറർ എസ്. ഷബീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ആർ. രാഹുൽ, മീര .എസ്. മോഹന്‍ ഹരികൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി .