ഇടുക്കി : 45 വര്‍ഷമായി കിലോമീറ്ററുകള്‍ താണ്ടി, വാര്‍ത്തകള്‍ ചൂടോടെ വീട്ടുമുറ്റത്തെത്തിക്കുന്ന കുര്യാച്ചന്‍. തൊഴിലിലെ ആത്‌മാര്‍ഥതയും സമര്‍പ്പണവും കൊണ്ട് നാട്ടുകാര്‍ക്ക് സുപരിചിതനാണ് കുര്യാച്ചൻ കൊട്ടാരത്തിൽ എന്ന പത്ര ഏജന്‍റ്. ഈ പത്ര സ്വാതന്ത്യ ദിനത്തില്‍ ഇടുക്കി മേലേ ചിന്നാര്‍ സ്വദേശിയായ കുര്യാച്ചന്‍ വ്യത്യസ്‌തനാകുന്നതും ഇതുകൊണ്ടുതന്നെ.
നാൽപ്പത്തിയഞ്ച് വർഷത്തിലേറെയായി കുര്യാച്ചൻ നടപ്പും ചുമടും ആരംഭിച്ചിട്ട്. മുമ്പ് 40 കിലോമീറ്റർ ദൂരം വരെ നടക്കുമായിരുന്നു. ഇപ്പോൾ പത്ത് കിലോമീറ്ററോളം ദൂരം പത്രക്കെട്ടും ചുമന്ന് നടക്കുകയാണ്. മുമ്പ് കട്ടപ്പനയിൽ നിന്ന് ഇരട്ടയാർ വഴി പത്രക്കെട്ടുമായി നടന്ന് പെരിഞ്ചാംകുട്ടി മുള്ളരിക്കുടി വരെ എത്തിയിരുന്നു.
പിന്നീട് ഇരട്ടയാറിൽ നിന്നും നടപ്പാരംഭിച്ചു. ഇപ്പോൾ ഇരട്ടയാറിൽ നിന്നും ഓട്ടോറിക്ഷയിൽ മേലേചിന്നാർ വരെ പത്രം എത്തിച്ച ശേഷം തലച്ചുമടായി പെരിഞ്ചാംകുട്ടിയില്‍ എത്തിക്കും. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ജോലിയാണിതെന്ന് അഭിമാനത്തോടെ പറയുകയാണ് കുര്യാച്ചൻ. ഒരിക്കൽ പോലും അവധിയെടുത്തിട്ടില്ല.
ഒരു തരത്തിലുള്ള അസുഖങ്ങളും നാളിതുവരെ ഉണ്ടായിട്ടുമില്ല. പത്രങ്ങളും ആനുകാലികങ്ങളും വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും എത്തിച്ച ശേഷം തിരികെ മേലേചിന്നാറിലെ വീട്ടിലേക്ക് തിരികെ നടക്കുകയാണ് കുര്യാച്ചൻ.