തിരുവനന്തപുരം: കേഡൽ ജിൻസൺ രാജ പ്രതിയായ നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുടെ സ്വകാര്യ ലാപ്‌ടോപ്പിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചിട്ടില്ല എന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രതിക്ക് ഇത് ലഭിക്കേണ്ട ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചത്.
തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയിൽ വിചാരണ നേരിടാനുള്ള മാനസിക പ്രാപ്‌തി കേഡലിന് ഉണ്ടെന്ന ഡോക്‌ടര്‍മാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കേസില്‍ കുറ്റപത്രം വായിക്കുവാൻ കോടതി തീരുമാനിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല പുറം ലോകം അറിഞ്ഞത്.
കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയുo ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടു. ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോംമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.