കോട്ടയം : കേരള കോൺഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഗവ ചീഫ് വിപ്പ് എൻ ജയരാജ്. ഇക്കാര്യം മുന്നണിയിൽ ചർച്ചയായിട്ടില്ല. എന്നാൽ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സീറ്റുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് കടന്നിട്ടില്ലെന്നും പല ഘടകങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുക്കുക എന്നും എൻ ജയരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ ചർച്ചകൾ ആരംഭിക്കുകയുള്ളൂ. ചർച്ചയ്‌ക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണെന്നും എൻ ജയരാജ് കൂട്ടിച്ചേർത്തു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.