കൊച്ചി: കരുവന്നൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സിപിഎമ്മിനെ പ്രതിയാക്കിയതോടെ കൂടുതല്‍ അറസ്റ്റിന് സാധ്യത. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വകമാറ്റിയ പണം സിപിഎമ്മാണ് സ്വീകരിച്ചതെന്ന് ഇഡിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സിപിഎമ്മിന്‍റെ സ്വത്തുക്കളും ഇഡി ജപ്‌തി ചെയ്‌തു.
സിപിഎമ്മിന്‍റെയും സ്വകാര്യ വ്യക്തികളുടെയും അടക്കം 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുകളാണ് ഇഡി ജപ്‌തി ചെയ്‌തിരിക്കുന്നത്. സിപിഎം നേതാക്കള്‍ വളരെ കരുതലോടെയാണ് ഇഡിയുടെ നടപടികളോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം ഇഡിയുടെ നടപടികള്‍ രാഷ്‌ട്രീയ ലാക്കോടെയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.
ഇഡിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും പാര്‍ട്ടി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തോടെ ബിജെപിയും സിപിഎമ്മും തമ്മില്‍ കരുവന്നൂര്‍ കേസില്‍ വിട്ടുവീഴ്‌ചയ്ക്ക് ധാരണയായെന്ന് കോണ്‍ഗ്രസ് ആരോപണമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ സംഭവങ്ങള്‍ ഈ ആരോപണത്തിന്‍റെ മുനയൊടിച്ചിരിക്കുന്നുവെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.
പിടിച്ചെടുത്ത വസ്‌തുക്കളും അക്കൗണ്ടുകളും സിപിഎം ജില്ല സെക്രട്ടറി എംഎം വര്‍ഗീസിന്‍റെ പേരിലുള്ളതാണ്. എട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇഡിയുടെ ഇരുതലവാള്‍ നടപടികളാണ് ഇതെന്ന് സിപിഎം ആരോപിക്കുന്നു.
തൃശൂര്‍ ജില്ല കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. പൊരത്തിശേരിയില്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് പണിയാനുള്ള സ്ഥലവും ഇഡി ജപ്‌തി ചെയ്‌തിട്ടുണ്ട്. സിപിഎമ്മിന്‍റെ മാത്രം എഴുപത് ലക്ഷം രൂപ പിടിച്ചെടുത്തു. സിപിഎമ്മിന് പുറമെ കരുവന്നൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് അനധികൃതമായി വായ്‌പ എടുത്തവരുടെ വസ്‌തുക്കളും ജപ്‌തി ചെയ്‌തിട്ടുണ്ട്. സിപിഎമ്മിന്‍റെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. അറുപത് ലക്ഷം രൂപ ഇതില്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്‌ട്രീയ ഗൂഢ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ മരവിക്കുന്നത് ഇത് മൂന്നാം തവണയാണ്. ഇതുവരെ 29 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ഇതിലേറെയും ബാങ്ക് വായ്‌പ എടുത്ത് വീഴ്‌ച വരുത്തിയവരില്‍ നിന്നാണ്. സിപിഎം തൃശൂര്‍ നേതൃത്വത്തിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പങ്കുള്ളതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിലേക്കും പിടിച്ചെടുക്കുന്നതിലേക്കും ഇഡി കടന്നത്.
സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം തന്‍റെ ഏതെങ്കിലും സ്വത്തുക്കള്‍ പിടിച്ചെടുത്തതായോ മരവിപ്പിച്ചതായോ ഉള്ള വിവരങ്ങള്‍ സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ് പറയുന്നത്. ഇഡി ചോദ്യം ചെയ്‌ത സിപിഎം നേതാക്കളെല്ലം അറസ്റ്റ് ഭയക്കുന്നുണ്ട്. ഇവരെല്ലാം മുന്‍കൂര്‍ ജാമ്യം തേടുന്നത് അടക്കമുള്ളവ ആലോചിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പരാജയത്തിന് ശേഷം കരുവന്നൂര്‍ സിപിഎമ്മിന് വലിയ തലവേദന ആയി മാറിയിരിക്കുകയാണ്.
Also Read: കരുവന്നൂര്‍ തട്ടിപ്പ്; 50 പ്രതികളെ ഉള്‍പ്പെടുത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു