ഇടുക്കി : മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് വീട്ടിലിരുത്തുമെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ദേവികുളത്ത് കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് പൊളിച്ച് നീക്കുന്നതിനിടെയാണ് സംഭവം.
ഇക്കഴിഞ്ഞ പതിനാലിനായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ദേവികുളത്ത് സര്‍വ്വേ നമ്പര്‍ 20/1 ല്‍പ്പെട്ട ഭൂമിയിലെ ഷെഡ് ഒഴിപ്പിക്കാന്‍ റവന്യു ഉദ്യോഗസ്ഥരെത്തി. ഈ നടപടികള്‍ക്കിടയിലാണ് കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യാഗസ്ഥരോട് വീട്ടിലിരുത്തുമെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്.
എന്നാല്‍ താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ സാധാരണക്കാരുടെ ഷെഡ് പൊളിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് സംഭവത്തില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി ആരോഗ്യ ദാസിന്‍റെ വിശദീകരണം.
വിഷയത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.ചന്ദ്രപാലും പ്രതികരിച്ചിരുന്നു. അതേസമയം മോശമായ ഏതെങ്കിലും വാക്ക് ലോക്കല്‍ സെക്രട്ടറി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിശോധിക്കുന്നതാണെന്നും സിപിഐ മണ്ഡലം സെക്രട്ടറി വ്യക്തമാക്കി.
ALSO READ : അനധികൃത ഭൂ ഇടപാടുകളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്ക്; ആരോപണവുമായി അതിജീവന പോരാട്ട വേദി