തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി മുന്‍ ആക്‌ടിങ് ചീഫ് ജസ്റ്റിസായ പി എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനാകും ഭൂമിയുടെ രേഖകള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, വി അബ്‌ദുറഹ്മാന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മുനമ്പത്തെ ചരിത്ര പശ്ചാത്തലവും നിയമവശവും യോഗം പരിശോധിച്ചുവെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. അര്‍ഹരായവരെ മുനമ്പത്തു നിന്നും ഒഴിപ്പിക്കില്ല. നിയമപരമായ അവകാശം സംരക്ഷിക്കപ്പെടും. നിലവില്‍ നോട്ടീസ് നല്‍കിയവരെ ഒഴുപ്പിക്കില്ലെന്നും പുതിയ നോട്ടീസ് നല്‍കില്ലെന്നും വഖഫ് ബോര്‍ഡ് തന്നെ യോഗത്തില്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോടതിയുടെ മുന്നില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ വിശദീകരിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കാണുന്നത്. കമ്മീഷന്‍ ആവശ്യപ്പെടുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കും. മുനമ്പവുമായി ബന്ധപ്പെട്ട് 9 കേസുകള്‍ കോടതിയിലുണ്ട്.
അര്‍ഹരായ മുഴുവന്‍ അവകാശികളുടെയും അവകാശം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുനമ്പത്തെ വഖഫുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ പെട്ടെന്ന് തീരില്ല. കമ്മീഷന്‍ ശാശ്വത പരിഹാരം കാണും. മുനമ്പത്തെ സമരക്കാരെ മുഖ്യമന്ത്രി കണ്ടുവെന്നും നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും പി രാജീവ് വ്യക്തമാക്കി.
ALSO READ: 'സജി ചെറിയാൻ വീണ്ടും രാജി വയ്‌ക്കേണ്ടതില്ല'; കേസ് നിയമപരമായി നേരിടുമെന്ന് സിപിഎം
കൈവശ അധികാരമുള്ളവര്‍ കുടിയിറക്കപ്പെടാന്‍ പാടില്ല. മുനമ്പം വിഷയം പരവൂര്‍ കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്. അതിനാലാണ് ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള കമ്മീഷനെതീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കുടിയൊഴിപ്പിക്കാനുള്ള നോട്ടീസ് നല്‍കിയിട്ടില്ലെന്ന് വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് മന്ത്രി വി അബ്‌ദുറഹ്മാന്‍ പറഞ്ഞു. വീടുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഇടപെടല്‍ വൈകിയത് ഉപതെരഞ്ഞെടുപ്പ് കാരണം
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മതപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് പി രാജീവ് പറഞ്ഞു. വഖഫ് ഭൂമി വിഷയത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ വൈകിയതിനാല്‍ മുതലെടുപ്പിനുള്ള കളമൊരുങ്ങിയില്ലെയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വഖഫ് ഭൂമി ദൈവത്തിന്‍റെ സ്വത്തെന്നാണ് പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത്തരത്തലുള്ള വിഷയത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ സംസ്ഥാനത്താകെ പ്രതിഫലിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ ഉചിതമായ സമയത്തു ഇടപെട്ടത്. കൈവശ അവകാശ രേഖയുള്ളവരെ സംരക്ഷിക്കുന്ന രീതിയിലാകും സര്‍ക്കാര്‍ ഇടപെടലെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.