കാസർകോട് : ജില്ലയിൽ അമ്മയേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌തതാകാം എന്നതാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാസർകോട് മുളിയാർ സ്വദേശിനി ബിന്ദു (30), നാല് മാസം പ്രായമായ മകൾ ശ്രീനന്ദന എന്നിവരാണ് മരിച്ചത്.
ബിന്ദുവിന്‍റെ ഭർത്താവ് ശരത് വിദേശത്താണ്. മൂന്ന് ദിവസം മുൻപാണ് ഇടുക്കിയിലെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും ബിന്ദു മുളിയാറിലെ വീട്ടിലെത്തിയത്. മരണ കാരണം വ്യക്തമല്ല. ആദൂർ പൊലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ യുവാവ് മരിച്ചു : അടിമാലിയില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. വീട്ടിലെ മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയിലാണ് ആദർശിനെ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ ആദര്‍ശിനെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ആദര്‍ശ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.