തൃശൂർ: പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന എന്നും എംഎം ഹസൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂരം കലങ്ങിയതിൽ അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. എന്നാൽ ആ അന്വേഷണ ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പൂരം കലങ്ങിയിട്ടില്ലെന്ന് പറയുന്നത്. അത് വളരെ വിചിത്രമായ ഒന്നാണെന്നും ഹസൻ പറഞ്ഞു. അതേസമയം പാലക്കാട്ടെ കത്ത് ചോർന്നതിൽ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി ഒരു കത്തയക്കുന്നു. ആ കത്ത് എങ്ങനെ പുറത്തുവന്നു എന്നത് അന്വേഷിക്കണ്ട ആവശ്യമില്ല. കാരണം എഐസിസിക്ക് നിരവധി കത്തുകൾ ഇതുപോലെ ലഭിച്ചിട്ടുണ്ട്. ആര് വിചാരിച്ചാലും ആ കത്ത് കിട്ടും. എഐസിസിക്ക് അയക്കുന്ന കത്ത് ഒരിക്കലും രഹസ്യകത്തല്ല. ആ കത്ത് എഐസിസി ഓഫിസിലുണ്ട്. ഏത് മാധ്യമപ്രവർത്തകർ പോയാലും അത് ലഭിക്കുമെന്ന് ഹസൻ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കെപിസിസിയുടെ നോമിനി ആണെന്ന് സുധാകരന്‍ പറയേണ്ടിയിരുന്നുവെന്ന് ഹസന്‍ പറഞ്ഞു. എഐസിസിക്ക് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കത്തയക്കുന്നത് സാധാരണമാണ്. ഇലക്ഷന്‍ കമ്മിറ്റി ആരുടെ പേരാണ് നല്‍കിയത് എന്നാണ് എഐസിസി നോക്കുന്നത്. അതിനാല്‍ കത്തില്‍ അന്വേഷണം ആവശ്യമില്ല.
കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് ഇലക്ഷന്‍ കമ്മിറ്റി പേര് നല്‍കുന്നത്. ഇതില്‍ ഒരു വിവാദം വരുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് സ്ഥാനാര്‍ഥി എന്നാണ് കെപിസിസി അധ്യക്ഷന്‍ പറയേണ്ടിയിരുന്നത്. തങ്ങളെല്ലാം പിന്താങ്ങിയ പേരാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതെന്നും എംഎം ഹസൻ പറഞ്ഞു.
ഏകകണ്‌ഠമായാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഒരു ഇലക്ഷന്‍ കമ്മറ്റി യോഗത്തില്‍ ഒരു നോമിനിയുടെ പേര് ആരെങ്കിലും പറഞ്ഞാല്‍ അത് അയാളുടെ നോമിനി ആകില്ലല്ലോ. എല്ലാ പാര്‍ട്ടിയിലും അങ്ങനെയാണെന്ന് ഹസന്‍ പറഞ്ഞു. കത്ത് വിവാദമാക്കാൻ ശ്രമിച്ചാലും അതൊന്നും ഈ തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ വിജയത്തെ ബാധിക്കില്ലെന്നും ഹസൻ വ്യക്തമാക്കി.