പത്തനംതിട്ട: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷണം വേണമെന്നത് പിവി അൻവറിന്‍റെ മാത്രം അഭിപ്രായമാണെന്നും സർക്കാരിന് അത്തരം അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു. എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്തിയാകണം ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണമെന്നുള്ള പിവി അൻവർ എംഎൽഎയുടെ ആവശ്യത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ ചില മാധ്യമങ്ങള്‍ ഒറ്റപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്‌ത് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരായ അന്‍വറിന്‍റെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം കഴിഞ്ഞതിന് ശേഷം അതേക്കുറിച്ച് പറയാം. പിവി അന്‍വര്‍ ഉയര്‍ത്തി വിട്ട വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങളും നിയമാനുസരണം കൈകാര്യം ചെയ്യും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ലെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ആരൊക്കെ വീട് പണിയുന്നു എന്ന് നോക്കി നടക്കുകയല്ല തന്‍റെ പണിയെന്നും മന്ത്രി പ്രതികരിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആർഎസ്എസ് ബന്ധം എന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവിൻ്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആര്‍എസ്എസ് തലയ്ക്ക് വില പറഞ്ഞ നേതാവാണ് പിണറായി വിജയനെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ആര്‍എസ്എസുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല. എന്തും വിളിച്ച് പറയുന്ന രീതി പ്രതിപക്ഷ നേതാവ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.