എറണാകുളം : ചലചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തിൽ വസ്‌തുതകൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നിയമ പരിശോധനകൾ ഉൾപ്പടെ നടത്തിയ ശേഷമേ സർക്കാറിന് നടപടികളിലേക്ക് കടക്കാൻ കഴിയുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍ ബിന്ദു.
സിനിമാ മേഖല കാലങ്ങളായി അസമത്വം നിലനിൽക്കുന്ന മേഖലയാണ്. സിനിമാ മേഖലയിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് വനിതകളാണ്. വലിയ പ്രയാസങ്ങളാണ് വനിതകളായ ചലചിത്ര പ്രവർത്തകർ നേരിടേണ്ടി വന്നത്. സർക്കാറിന് സ്ത്രീകളുടെ കാര്യത്തിൽ പോസിറ്റീവായ നിലപാടാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ സർക്കാറാണ് ഉള്ളത് എന്നത് കൊണ്ടാണ് ഡബ്ല്യുസിസിയുടെ അഭിപ്രായം മാനിച്ച് ഹേമ കമ്മിറ്റിക്ക് രൂപം നൽകിയത്. ജസ്റ്റിസ് ഹേമയുടെ അഭിപ്രായ പ്രകാരമാണ് ചില വ്യക്തികളുടെ സ്വകാര്യത മാനിക്കുന്ന നിലപാട് സ്വികരിച്ചത്. കമ്മിറ്റി നിർദേശിച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കണമെന്നാണ് സർക്കാർ തീരുമാനം.
ചലചിത്ര മേഖലയിൽ നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള രേഖയാണ് ഹേമ കമ്മിറ്റി. കമ്മിറ്റി റിപ്പോർട്ട് നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാറിൻ്റെ ഉത്തരവാദിത്വമാണ്. നിയമപരമായ കാര്യങ്ങൾ ശരിയായ രീതിയിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കമ്മീഷൻ എന്ന ആവശ്യമുന്നയിച്ച ഡബ്ല്യുസിസിയുമായി ചർച്ച നടത്തിയാണ് സർക്കാർ തുടർ നടപടികൾ സ്വീകരിക്കുക.
ചലചിത്ര അക്കാദമി ചെയർമാനെതിരെയുള്ള ആരേപണങ്ങളിൽ നിചസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ഈ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുമാണ്. ഡബ്ല്യുസിസി പ്രവർത്തകരെ അഭിന്ദിക്കുകയാണന്നും മന്ത്രി ബിന്ദു പറഞ്ഞു. ലിംഗപരമായ വിവേചനം എല്ലാ മേഖലയിലും അവസാനിപ്പിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
Also Read : ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍, സംവിധായകന്‍ രഞ്ജിത്തിന്‍റെ രാജിക്കായി മുറവിളി