തിരുവനന്തപുരം : യൂണിറ്റിന് 4.29 പൈസയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയിരുന്ന കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷനാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കെഎസ്ഇബിക്ക് 10,000 കോടിയിലധികം രൂപയാണ് കടബാധ്യതയെന്നും മന്ത്രി പറഞ്ഞു (Regulatory Commission).
സാമ്പത്തിക കുടിശ്ശിക 8347.47 കോടി രൂപയാണ്. ഇതിൽ 2470 കോടി രൂപ വാട്ടർ അതോറിറ്റിയുടെ മാത്രം കുടിശ്ശികയാണ്. സർക്കാർ വകുപ്പുകളുടെ കുടിശ്ശിക പിരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിട്ടുണ്ട്. കുടിശ്ശിക പിരിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. വൈദ്യുതി വകുപ്പിന്‍റെ സാമ്പത്തിക പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെഎസ്ഇബിക്ക് 764 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പദ്ധതികൾ നിർത്തിവയ്ക്കാനുള്ള കെഎസ്ഇബി ചെയർമാന്‍റെ ഉത്തരവ് സംബന്ധിച്ചും അഡിഷണൽ ചീഫ് സെക്രട്ടറിയെ, അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാർ പുനസ്ഥാപിക്കാൻ സർക്കാരിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കരാർ റെഗുലേറ്ററി കമ്മിഷനെ അറിയിക്കാത്തത് കൊണ്ടാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കരാർ പുനസ്ഥാപിച്ചത്. ഇത് റെഗുലേറ്ററി കമ്മീഷനും അംഗീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.