സംസ്ഥാനത്തെ നൂറാമത് പാലം ചെട്ടിക്കടവിൽ ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം നിർവഹിച്ചു - ldf
സംസ്ഥാനത്തെ നൂറാമത് പാലം ചെട്ടിക്കടവിൽ. പാലത്തിന്‍റെ ഉദ്‌ഘാടനം മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
Published : Mar 1, 2024, 8:00 PM IST
കോഴിക്കോട് : സംസ്ഥാനത്ത് ഇടതു സർക്കാർ നിലവിൽ വന്ന ശേഷം നൂറു പാലങ്ങൾ എന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനം പൂർത്തിയായി. ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിലാണ് നൂറാമത്തെ പാലം നിർമിച്ചത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് ഈ പാലം. പ്രവൃത്തി പൂർത്തിയായ നൂറാമത്തെ പാലത്തിന്‍റെ ഉദ്ഘാടനം ഏറെ ആഘോഷകരമായാണ് നടന്നത്. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്‍റെയും അകമ്പടിയോടെ നടന്ന ഉദ്‌ഘാടന ചടങ്ങ് വീക്ഷിക്കുന്നതിന് നിരവധി പേരാണ് ചെട്ടിക്കടവിൽ എത്തിച്ചേർന്നത്.
പാലത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 100 പാലങ്ങൾ നിർമിച്ചതോടെ പാലങ്ങളുടെ നിർമാണ പ്രവൃത്തികൾ നിലയ്ക്കുന്നില്ല എന്നും ഇനിയുള്ള പാലങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിലവിൽ കേരളത്തിൽ നിർമിച്ച പാലങ്ങൾ ദീപാലങ്കൃതമാക്കുന്ന ഒരു പദ്ധതി കൂടി ആരംഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. ഇത് ടൂറിസം രംഗത്തിന് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന് പുറമേ പാലങ്ങൾക്ക് അടിവശമുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികൾക്കുള്ള പാർക്കുകളും കളിസ്ഥലങ്ങളും ആക്കി മാറ്റും. ഇങ്ങനെ വ്യത്യസ്‌ത പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. റോഡുകളുടെ കാര്യത്തിലും സംസ്ഥാനത്ത് വലിയ കുതിച്ചുചാട്ടം ആണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടായതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു. തീരദേശപാതയും മലയോര ഹൈവേയും അതിനൊരു ഉദാഹരണം ആണെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ സംസ്ഥാന സർക്കാരിന്‍റെ നൂറാമത്തെ പാലത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി നൂറാമത്തെ പാലം എന്നെഴുതിയ കേക്ക് മുറിച്ച് വിതരണം ചെയ്‌തു. അഡ്വ പി ടി എ റഹീം എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റ് അരിയിൽ അലവി, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 11.16 കോടി രൂപ ചെലവഴിച്ചാണ് ചെട്ടിക്കടവിൽ പാലം നിർമിച്ചത്.
പാലത്തിന്‍റെ ഇരുവശത്തും നടപ്പാതയടക്കം 11 മീറ്റർ വീതിയാണ് ചെട്ടിക്കടവിൽ നിർമിച്ച പാലത്തിനുള്ളത്. ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ പാലം പൂർത്തിയായതോടെ ഏറെ നാളായുള്ള നാടിന്‍റെ കാത്തിരിപ്പിനാണ് ഫലം കണ്ടത്.