എറണാകുളം: വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് മരിച്ചത്. ഒഡിഷ സ്വദേശി അഞ്ജന നായിക്കാണ് ആകാശിനെ കുത്തിക്കൊന്നത്.
പെരുമ്പാവൂരിലെ വട്ടക്കാട്ട്പടിയിൽ ഇന്ന് (ജൂലൈ 2) രാവിലെ 7.30ന് ആണ് സംഭവം. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
വട്ടയ്ക്കാട്ടുപടി എസ്എൻഡിപി ഹാളിന് സമീപം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു ആകാശ്. രാവിലെയാണ് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായത്. തുടർന്ന് അഞ്ജന നായിക്ക് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആകാശിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അതിഥി തൊഴിലാളികൾക്ക് ഇടയിൽ വാക്ക് തർക്കത്തിൻ്റെ പേരിൽ നിരവധി ആക്രമണ സംഭവങ്ങളാണ് പെരുമ്പാവൂർ മേഖലയിൽ ചുരുങ്ങിയ കാലത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മിക്ക കേസുകളിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ കൊലപാതകമുൾപ്പടെയുള്ള ചില കേസുകളിൽ പ്രതികൾ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്.
Also Read: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; സംഭവം കോഴിക്കോട്