എറണാകുളം: പിറവത്ത് അതിഥിത്തൊഴിലാളിയെ വാടകയ്ക്ക് പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവം വിവാദത്തില്‍. കേരളത്തില്‍ ജോലിക്കുവന്ന പശ്ചിമ ബംഗാൾ സ്വദേശിയാണ് പ്രതിമാസ വാടകയ്ക്ക് പട്ടിക്കൂട്ടിൽ താമസിച്ചുവന്നത്. പ്രതിമാസം 500 രൂപ വാടക നൽകിയാണ് മുർഷിദാബാദ് സ്വദേശിയ ശ്യാം സുന്ദർ (37) പിറവത്ത് ഒരു വീടിനോട് ചേർന്നുള്ള പട്ടിക്കൂട്ടിൽ താമസിച്ചത്. മൂന്ന് മാസമായി ഇദ്ദേഹം ഇവിടെ താമസിക്കുകയായിരുന്നു.
ഒരാൾ പൊക്കമുള്ള വലിയ പട്ടിക്കൂട്ടിലാണ് ശ്യാം സുന്ദർ താമസിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതി നൽകിയതോടെ പൊലീസ് എത്തി ശ്യാം സുന്ദറിനെ ഇവിടെ നിന്ന് മാറ്റി. ഭാര്യ സഹോദരൻ താമസിച്ചിരുന്ന പിറവം ടൗണിലെ വാടകക്കെട്ടിടത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. തുടർന്ന് നഗരസഭ അധികൃതരും പിറവം പൊലീസും ചേർന്ന് പട്ടിക്കൂട് താഴിട്ട് പൂട്ടി. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി
നാല് വര്‍ഷം മുൻപാണ് ശ്യാംസുന്ദര്‍ ജോലി തേടി കേരളത്തിലെത്തിയത്. പല സ്ഥലങ്ങളിലായി ജോലി ചെയ്‌ത ശേഷം മൂന്ന് മാസം മുന്‍പ് പിറവത്ത് എത്തി. വാടകക്ക് മുറി ലഭിക്കാതെ വന്നതോടെയാണ് മറ്റ് ചില ബംഗാള്‍ സ്വദേശികളുടെ സഹായത്തോടെ ഇവിടെ എത്തിയത്. പട്ടിക്കൂടിനോട് ചേര്‍ന്ന വീട്ടിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ വാടക അധികമായതിനാൽ ശ്യാം സുന്ദർ സ്വമേധയാ പട്ടിക്കൂട് തെരഞ്ഞെടുക്കുകയായിരുന്നു. വിശാലമായ പട്ടിക്കൂട്ടിലെ ഗ്രില്ലുകള്‍ മറച്ചാണ് ശ്യാം സുന്ദർ താമസിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ പട്ടിക്കൂട്ടിൽ തന്നെയായിരുന്നു.
പുരത്തറക്കുളത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്. പുതിയ വീട് നിർമിച്ച് താമസമാക്കിയതോടെ ഉടമ തന്‍റെ പഴയ വീട് വാടകയ്ക്ക് നൽകുകയായിരുന്നു. അതിഥി തൊഴിലാളികളടക്കം രണ്ട് കുടുംബങ്ങൾ പഴയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്യാംസുന്ദർ പട്ടിക്കൂട്ടിൽ താമസിക്കുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
പൊലീസ് ശ്യാം സുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ശ്യാം സുന്ദറിൽ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.